മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന് ഉത്തരവിറക്കി. പുറത്തൂര്‍, തെന്നല, തിരുവാലി, മൂന്നിയൂര്‍, വളവന്നൂര്‍, എടവണ്ണ, ഊര്‍ങ്ങാട്ടിരി, വട്ടംകുളം, കീഴുപറമ്പ, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കല്‍പ്പകഞ്ചേരി ഗ്രാമപഞ്ചായത്തുകളിലാണ് ഏപ്രില്‍ 30 വരെ സെക്ഷന്‍ 144 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പൊതുസ്ഥലങ്ങളില്‍ അഞ്ചോ അഞ്ചില്‍ കൂടുതലോ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് നിയമലംഘനമായി കണക്കാക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പൊതുഗതാഗത സംവിധാനം എന്നിവയ്ക്ക് സര്‍ക്കാര്‍ നിബന്ധന പ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. ആഘോഷങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും പൊതുജന പങ്കാളിത്തം അനുവദനീയമല്ല.