ആലപ്പുഴ: കോവിഡ് 19 വാക്‌സിന്‍ എടുത്തവര്‍ക്ക് 28 ദിവസം കഴിയുമ്പോള്‍ രക്തം ദാനം ചെയ്യാമെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്ഫ്യൂഷന് മെഡിസിന്‍ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഡി. മീന പറഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കും രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്കും വാക്‌സിനെടുത്ത തീയതി മുതല്‍ 28 ദിവസത്തേക്ക് മാത്രമാണ് രക്തദാനം നടത്താന്‍ സാധിക്കാത്തത്.

ഇതിന് ശേഷം രക്തം ദാനം ചെയ്യാം. വാക്‌സിനേഷന് മുന്‍പും രക്തം നല്‍കാം. പല ദിവസങ്ങളിലായാണ് ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് എന്നതിനാല്‍ രക്തദാനത്തിന് തടസം നേരിടില്ല. രക്തത്തിന് ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും ഡോ. ഡി. മീന പറഞ്ഞു.