സര്‍ക്കാരില്‍ വിശ്വാസമര്‍പിച്ച് പൊതുസമൂഹം
ജില്ലയുടെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് പരിഹാരം നിര്‍ദേശിച്ചു മുഖ്യമന്ത്രി. മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസമര്‍പ്പിച്ച് കൊല്ലത്തെ പൗരാവലിയുടെ പരിഛേദം. റോട്ടറി ഹാളിലാണ് ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരുമായി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് ആശയവിനിമയം നടത്തിയത്.
ഗതാഗതകുരുക്ക് പരിഹരിക്കാന്‍ നാറ്റ്പാക് പോലെയുള്ള വിദഗ്ധ ഏജന്‍സികളുടെ പഠനം എന്ന ഉറപ്പാണ് മുഖ്യമന്ത്രി ആദ്യം നല്‍കിയത്. കുണ്ടറ കേന്ദ്രീകരിച്ച് വ്യവസായ അഭിവൃദ്ധിക്കായി ഇവിടെയുള്ള വ്യവസായശാലകളുടെ ഭൂമി ഉപയോഗയോഗ്യമാക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ പ്രായോഗികത അടിസ്ഥാനമാക്കി പരിശോധിക്കും. ഇക്കാര്യത്തില്‍ സ്ഥലം എം.എല്‍.എ കൂടിയായ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തുറമുഖത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നടപടി എടുത്തു വരികയാണ്. പുതിയ നിര്‍ദേശങ്ങള്‍ പരിഗണിക്കുകയും ചെയ്യും. ജില്ലയിലെ ഫിഷിംഗ് ഹാര്‍ബറുകളുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നുമുണ്ട്.
കടലാക്രമണം നിയന്ത്രിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലയ്ക്ക് കടല്‍ഭിത്തികള്‍ ആവശ്യാനുസരണം നിര്‍മിക്കും. തീരദേശത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നുണ്ട്. കടല്‍സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാലോചിതമായി പരിഷ്കരിച്ചതിനൊപ്പം ആധുനികവത്കരണവും നടപ്പാക്കാനായി. രക്ഷാപ്രവര്‍ത്തനം മുന്‍നിറുത്തി രൂപീകരിച്ച അതിദൂര വാര്‍ത്താ വിനിമയ സംവിധാനമായ നാവിക് മേഖലയിലെ ആശങ്കകള്‍ക്ക് വലിയൊരളവ് വരെ പരിഹാരമാകും.
അഷ്ടമുടി, മണ്‍ട്രോതുരുത്ത്, വേമ്പനാട് എന്നിവയുടെ വിനോദസഞ്ചാര സാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്രത്തിന് സമര്‍പിച്ച പദ്ധതിക്ക് ഭാഗിക അനുമതി കിട്ടിയ സാഹചര്യത്തില്‍ ആദ്യഘട്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു.
കായിക വികസനം ലക്ഷ്യമാക്കി ഇന്‍ഡോര്‍ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, സ്റ്റേഡിയം പുനരുദ്ധാരണം തുടങ്ങിയവയ്ക്കായി നിശ്ചിത പദ്ധതി കായിക വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫാക്ടറികള്‍ തുറക്കുകയും ആഫ്രക്കന്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യുകയുമാണ്. വായ്പകള്‍ക്ക് മൊറട്ടോറിയം ദീര്‍ഘിപ്പിക്കുന്നത് പോലെയുളള നടപടികള്‍ തീരുമാനിക്കുന്നതിനായി വ്യവസായികള്‍, ബാങ്ക് പ്രതിനിധികള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍ തുടങ്ങിയവരുടെ യോഗം ജൂണ്‍ ഒമ്പതിന് കൊല്ലത്ത് യോഗം ചേരും.
വൈദ്യുതി ഉദ്പാദനരംഗത്ത് സൗരോര്‍ജ്ജത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഈ രംഗത്ത് ക്രിയാത്മക നടപടികളുടെ വര്‍ഷമാകും ഇത്.
നിര്‍മാണ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി നിയമാനുസൃതം പ്രവര്‍ത്തിക്കാവുന്ന പരമാവധി പാറക്വാറികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മണല്‍ എടുക്കുന്നതിനും ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുള്ള നിയന്ത്രണം മാത്രമാണുള്ളത്. അണക്കെട്ടുകളില്‍ അടിഞ്ഞിട്ടുള്ള മണല്‍ എടുക്കുന്നതിനുള്ള നിര്‍ദേശവും നല്കി കഴിഞ്ഞു.
സേവനം മെച്ചപ്പെടുത്തുന്നതിനായി സര്‍വീസ് സംഘടനകള്‍ മുന്നോട്ട് വച്ച പ്രായോഗിക നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക വഴി സര്‍ക്കാര്‍ നടപടികള്‍ക്ക് ഗതിവേഗം കൂട്ടാമെന്നാണ് പ്രതീക്ഷ.
ആരോഗ്യമേഖലയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്ക്കുമേല് കര്‍ശന നടപടിക്കാണ് തീരുമാനം. ആശുപത്രി പരിസരത്തുള്ള ഭക്ഷണശാലകളില്‍ ഗുണനിലവാര പരിശോധന കര്‍ക്കശമാക്കാനും നിര്‍ദേശം നല്കി. ഇതോടൊപ്പം ഏതു നിലവാരത്തിലുള്ള ഹോട്ടലും പരിശോധിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടാകും.
വെള്ളം മലിനമാകുന്ന സാഹചര്യം ഒഴിവാക്കാനും ശുദ്ധീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിനകം പതിനായിരത്തിലധികം കുളങ്ങള്‍ വൃത്തിയാക്കി, പുതിയവ നിര്‍മിച്ചു, കിണറുകള്‍ ശുദ്ധീകരിക്കുകയും റീചാര്‍ജ് ചെയ്യുകയും ചെയ്തു. തോടുകളും കായലുമൊക്കെ ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കി. തദ്ദേശസ്ഥാപനങ്ങളാണ് ഇത്തരം കാര്യങ്ങളില്‍ തുടര്‍പ്രവര്‍ത്തനം ഉറപ്പാക്കേണ്ടത്.
കോളിഫോം ബാക്ടീരിയ സാന്നിധ്യത്താല്‍ കിണറുകള്‍ മലിനമാകുന്നത് പരിഹരിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ആദ്യഘട്ടമെന്ന നിലയ്ക്ക് സ്യുവെജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ ആദ്യം നഗരപ്രദേശങ്ങളിലും ക്രമേണ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
ലോകകേരളസഭയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വികസനപ്രക്രിയയില്‍ ടെക്നോക്രാറ്റുകളെ കൂടുതലായി സഹകരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇന്നവേഷന്‍ കൗണ്‍സില്‍ പോലെയുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഫലപ്രദമായി വിനിയോഗിക്കും.
ട്രോമകെയര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പാലിയേറ്റിവ് കെയര്‍, ജെറിയാട്രിക് കെയര്‍ എന്നിവ കൂടി സംയോജിപ്പിച്ച് ആരോഗ്യരംഗത്ത് വലിയ മാറ്റത്തിനാണ് ശ്രമം നടത്തുന്നത്. പകല്‍വീടുകളുടെ എണ്ണം കൂട്ടുന്നതും പരിഗണിക്കും.
മാലിന്യസംസ്കരണ പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്ളാനില്‍ ഉള്‍പ്പെടുത്തിയാല്‍ ഇതുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ മറികടക്കാനാകും.
ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി വരികയാണ്. പരാതികള്‍ പരമാവധി പരിഹരിച്ചാണ് നടപടി പൂര്‍ത്തീകരണത്തോട് അടുക്കുന്നത്.
കളിസ്ഥലങ്ങള്‍ കൂടുതലായി ലഭ്യമാക്കുന്നതിനായി സ്ഥലം കണ്ടെത്താനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്.
കൊല്ലം തോടിന്റെ നവീകരണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചെറുമത്സ്യവേട്ട മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന പശ്ചാത്തലത്തില്‍ അവ പിടിക്കുന്നതിനുള്ള നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കും. ബോട്ടുകള്‍ക്കുള്ള ഡീസലിന് സബ്സിഡി കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് അനുസൃതമായി മാത്രമെ നടപ്പാക്കാനാകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിസഭയുടെ പ്രവര്‍ത്തനത്തില്‍ പൊതുവെ സംതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു ആശയവിനിമയത്തിനെത്തിയവരില് ഭൂരിഭാഗവും. ചെറുകിട വ്യവസായ മേഖല മുന്നോട്ട് വച്ച നിര്‍ദേശങ്ങളില്‍ 90 ശതമാനവും പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി ചര്‍ച്ച തുടങ്ങിവച്ച ചെറുകിട വ്യവസായ അസോസിയേഷന് നേതാവ് കെ. പി. രാമചന്ദ്രന് നായര്‍ വ്യക്തമാക്കി.
തുടര്‍ന്ന് സംസാരിച്ച ടി. കെ. എം. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പി. ഒ. ജെ. ലബ്ബ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടല്‍ ജില്ലയില്‍ ഫലപ്രദമാണന്ന് വ്യക്തമാക്കി.
ക്യു. എസ്. എസ്. മുന്‍ ഡയറക്ടര്‍ ഫാദര്‍ റൊമാന്‍സ് ആന്റണി സര്‍ക്കാരിന്റെ ഭരണത്തില്‍ നിന്നുള്ള ഏറ്റവും വലിയ ആശ്വാസം സുരക്ഷിതത്വബോധമാണന്ന് പറഞ്ഞു. രാജ്യത്ത് മറ്റിടങ്ങളിലുള്ള പോലെയുള്ള ഒരാശങ്കയും കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാഷ്യു എക്സപോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ ചെയര്മാന് ആര്. കെ. ഭൂദേഷ് കശുവണ്ടി മേഖല മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്.
ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ച ഡോ. ക്രിസ്റ്റി ഒരു ആംബുലന്‍സ് സൗജന്യമായി നല്‍കുമെന്നും അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനം വഴി മണ്‍ട്രോതുരുത്ത് നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ തയ്യാറായ മുഖ്യമന്ത്രി മേഖലയുടെ വിനോദ സഞ്ചാര സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് ടി. കെ. എം. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. അയൂബ് ആവശ്യപ്പെട്ടത്.
അധ്യാപകനായ സലിംകുമാര്‍ അഴിമതിരഹിത ഭരണത്തിന്റെ മികവ് ചൂണ്ടിക്കാട്ടിയപ്പോള്‍ മത്സ്യലേല തൊഴിലാളി സംഘടനാ നേതാവായ ജോസഫ് ജോസഫ് മത്സ്യമേഖലയിലെ പ്രശ്നങ്ങളാണ് ശ്രദ്ധയില്‍പ്പെടുത്തിയത്.
ഗതാഗതകുരുക്കിന് പരിഹാരം തേടി കരുനാഗപ്പള്ളി സ്വദേശി വി. ജി. ജോണ്‍, കൊല്ലം തോടിന്റെ വികസനസാധ്യകളുമായി അജയന്, സ്യുവെജ് ട്രീറ്റ്മെന്റ് പ്ളാന്റുകളുടെ വ്യാപനം തേടി ഐ മാള്‍ എം. ഡി. അബ്ദുല്‍ റഹിം, കായിക മേഖലയുടെ വികസനം വിശാലമാക്കുന്നതിനായുള്ള നിര്‍ദേശങ്ങളുമായി പി. രാമഭദ്രന്, നിര്‍മാണ മേഖലയുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വലിയത്ത് ഇബ്രാഹിംകുട്ടി തുടങ്ങിയവരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
സി. പി. ഐ. ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി. പി. എം. ജില്ലാ സെക്രട്ടറി കെ. എന്‍. ബാലഗോപാല്‍ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, എം. എല്‍. എ. മാരായ എം. മുകേഷ്, എം. നൗഷാദ്, ആര്, രാമചന്ദ്രന്, കോവൂര്‍ കുഞ്ഞുമോന്, എന്‍. വിജയന്‍പിള്ള, മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്മാന് കെ. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു