അമ്പലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയുടെ 15 ഷട്ടറുകൾ തുറന്നു. പൊഴിമുറിക്കൽ പൂർത്തീകരിച്ചതോടെ വേലിയിറക്ക സമയത്ത് കടലിലേക്ക് വെള്ളമൊഴുകുന്നുണ്ട്. ന്യൂനമർദ്ദത്തിന്റെ ഫലമായി കനത്ത മഴ പെയ്തതോടെ നദികളിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതോടെയാണ് വെള്ളപ്പൊക്കം ഒഴിവാക്കാൻ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. മൊത്തം 40 ഷട്ടറുകളാണുള്ളത്. ജലനിരപ്പ് 1.05 മീറ്റർ എത്തുമ്പോഴാണ് ഷട്ടറുകൾ തുറക്കുക. വേലിയിറക്ക സമയത്ത് തുറക്കുകയും വേലിയേറ്റ സമയത്ത് അടയ്ക്കുകയും ചെയ്യുന്ന രീതിയിലാണ് ഷട്ടറുകളുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നതെന്ന്
ജലവിഭവവകുപ്പ് മെക്കാനിക്കൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വി. അജയകുമാർ പറഞ്ഞു. വേലിയിറക്ക സമയത്ത് കൂടുതൽ ഷട്ടറുകൾ തുറക്കുകയാണ് ലക്ഷ്യം. വേലിയേറ്റ സമയത്ത് തിരികെ കടൽവെള്ളം കയറാനിടയുള്ളതിനാലാണ് ഷട്ടറുകൾ അടയ്ക്കുന്നത്. ജില്ല കളക്ടർ എ. അലക്‌സാണ്ടർ ഇവിടം സന്ദർശിച്ച് നീരൊഴുക്കും മറ്റു സ്ഥിതിഗതികളും വിലയിരുത്തി. ജലവിഭവ വകുപ്പ് മെക്കാനിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഷട്ടറുകൾ തുറന്നത്. ഷട്ടറുകൾ തുറന്നതോടെ കിഴക്കൻ വെള്ളം സുഗമമായി കടലിലേക്ക് ഒഴുകുമെന്ന പ്രതീക്ഷയിലാണ് ജില്ല ഭരണകൂടം.