തിരുവനന്തപുരം: ജില്ലയിലുണ്ടായ കനത്ത മഴയും കടൽക്ഷോഭത്തെയും തുടർന്നു തുറന്ന ദുരിതാശ്വാസ ക്യാംപുകളിൽ ഒരെണ്ണം ഇന്നലെ(18 മേയ്) അവസാനിപ്പിച്ചു. നിലവിൽ 21 ക്യാംപുകളാണു ജില്ലയിലുള്ളത്. ഇവിടങ്ങളിൽ 372 കുടുംബങ്ങളിലെ 1,423 പേർ കഴിയുന്നുണ്ട്.
നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാംപാണ് ഇന്നലെ അവസാനിപ്പിച്ചത്. ഇനി ആറു ക്യാംപുകളാണു താലൂക്കിലുള്ളത്. ഇവിടങ്ങളിൽ 149 കുടുംബങ്ങളിലെ 548 പേർ കഴിയുന്നുണ്ട്.
തിരുവനന്തപുരം താലൂക്കിൽ 13 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നു. 196 കുടുംബങ്ങളിലെ 805 പേർ ഈ ക്യാംപുകളിലുണ്ട്. ചിറയിൻകീഴ് താലൂക്കിൽ പ്രവർത്തിക്കുന്ന രണ്ടു ദുരിതാശ്വാസ ക്യാംപുകളിൽ 27 കുടുംബങ്ങളിലെ 70 അംഗങ്ങളുണ്ട്.
ജില്ലയിൽ ഇന്നലെ പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിനുള്ള നിരോധനവും തുടരുകയാണ്.