ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലുണ്ടായ ശക്തമായ മഴക്കെടുതി മുൻനിർത്തി വേണം കാലവർഷത്തെ നേരിടാനുള്ള നടപടികൾ സ്വീകരിക്കേണ്ടതെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ. മഴക്കെടുതി സംബന്ധിച്ച പ്രവർത്തനങ്ങൾ വിലയിരുത്താനും കാലവർഷത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനുമായി വിവിധ വകുപ്പ് മേധാവികളുമായുള്ള ഓൺലൈൻ യോഗത്തിലായിരുന്നു നിർദ്ദേശം. കനത്ത മഴയിലും കാറ്റിലും പെട്ട് മരങ്ങൾ വീണതടക്കം ഏറ്റവും അധികം പ്രശ്നം ഉണ്ടായത് വൈദ്യുതി മേഖലയിലാണ്. എന്നാൽ ഇത് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞു. ഇനിയും കാലവർഷത്തെ മുന്നിൽക്കണ്ട് വെട്ടി മാറ്റേണ്ട മരങ്ങൾ എത്രയും പെട്ടന്ന് വെട്ടി മാറ്റണമെന്നും വൈദ്യുതി വകുപ്പ് അധികൃതർക്ക് കളക്ടർ നിർദ്ദേശം നൽകി.
ദേശീയപാത അടക്കമുള്ള സഞ്ചാരപാതകളിൽ അപകട സാധ്യതയുള്ള മരങ്ങൾ വെട്ടി മാറ്റാൻ ഫയർ ഫോഴ്സിനും നിർദ്ദേശം നൽകി. ഇതിനായി പൊതുമരാമത്ത്, സോഷ്യൽ ഫോറസ്ട്രി, ദേശീയപാതാ റോഡ് എന്നീ വിഭാഗങ്ങളും അവശ്യമായ നടപടി സ്വീകരിക്കണം. ജില്ലയിൽ വെള്ളപ്പൊക്കം ഒഴിവാക്കാനായി ജലം ഒഴികെയത്തുന്ന മാർഗങ്ങളിലെ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചു. നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ അടക്കമുള്ള കാര്യങ്ങൾ കൃത്യമായി പാലിച്ച് ക്യാമ്പിലെ അംഗങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട തഹസീൽദാർമാർക്ക് നിർദേശം നൽകി. മഴക്കാലപൂർവ മുന്നൊരുക്കങ്ങൾ കൂടുതൽ വിപുലമായി ചർച്ച ചെയ്യാൻ തദ്ദേശ ഭരണ മേധാവികളുടെ യോഗം അടുത്ത ദിവസം ചേരാനും തീരുമാനമായി.