ഇടുക്കി: ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജോലിക്ക് ഹാജരാകാന്‍ കഴിയാത്ത സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരേയും കോവിഡ് അനുബന്ധ സേവനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാര്‍ക്ക് കീഴില്‍ വിന്യസിക്കുന്നതിന് ജില്ലയിലെ എല്ലാ വകുപ്പുകളിലേയും ജില്ലാ മേധാവികള്‍ കീഴിലുള്ള ജീവനക്കാരുടെ സ്ഥിരതാമസ വിവരങ്ങള്‍ രണ്ടു ദിവസത്തിനകം stafflistidukki@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ എക്‌സല്‍ ഫോര്‍മാറ്റില്‍ ലഭ്യമാക്കണം. ഗര്‍ഭിണികള്‍, ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മുലയൂട്ടുന്ന അമ്മമാര്‍, കാന്‍സര്‍ രോഗികള്‍, ഡയാലിസിസ് / അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ / വിധേയമാകാന്‍ പോകുന്നവര്‍, മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടേയും, സെറിബ്രല്‍ പാള്‍സി, ഓട്ടിസം തുടങ്ങിയ ഗുരുതര രോഗം ബാധിച്ച കുട്ടികളുള്ള രക്ഷിതാക്കളായ ജീവനക്കാരുടേയും വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി അദ്ധ്യക്ഷന്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.
