പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി മഹാ•ാരും പ്രശസ്തരുമായ 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെൻട്രൽ സ്റ്റേഡിയത്തിലെ സ്ക്രീനിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.50 മുതൽ പ്രദർശിപ്പിക്കും.
ഡോ. കെ.ജെ. യേശുദാസ്, എ.ആർ. റഹ്മാൻ, ഹരിഹരൻ, പി.ജയചന്ദ്രൻ, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാർ, അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി, മോഹൻലാൽ, ജയറാം, കരുണാമൂർത്തി, സ്റ്റീഫൻ ദേവസി, ഉണ്ണിമേനോൻ, ശ്രീനിവാസ്, ഉണ്ണികൃഷ്ണൻ, വിജയ് യേശുദാസ്, മധുബാലകൃഷ്ണൻ, ശ്വേതാമോഹൻ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ശരത്, ബിജിബാൽ, രമ്യാനമ്പീശൻ, മഞ്ജരി, സുധീപ്കുമാർ, നജിം അർഷാദ്, ഹരിചരൻ, മധുശ്രീ, രാജശ്രീ, കല്ലറ ഗോപൻ, അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടർഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകുന്നത്. സമർപ്പാവതരണം നടത്തുന്നത് മമ്മൂട്ടിയാണ്.
ഇ.എം.എസ് മുതൽ പിണറായി വിജയൻ വരെയുള്ളവർ നയിച്ച സർക്കാരുകൾ എങ്ങനെ കേരളത്തെ മാറ്റുകയും വളർത്തുകയും ചെയ്തു എന്ന് വിളംബരം ചെയ്യുന്നതാണ് സംഗീത ആൽബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആൽബം മലയാളത്തിൽ ആദ്യത്തേതാണ്. പ്രസിദ്ധ ചലച്ചിത്ര സംവിധായകൻ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്കാരം നിർവഹിച്ചത്. രമേശ് നാരായണൻ സംഗീതം ചിട്ടപ്പെടുത്തി. മൺമറഞ്ഞ കവികളുടേതിന് പുറമെ പ്രഭാവർമ്മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു. ആൽബം നിർമ്മിച്ചിരിക്കുന്നത് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും കേരള മീഡിയ അക്കാദമിയുമാണ്.