പത്തനംതിട്ട :   കോവിഡ് 19 വ്യാപനകാലം മുതല്‍ പ്രോട്ടോകോള്‍ നിബന്ധനകള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം വിവിധ സേവനങ്ങളും സഹായങ്ങളും ഉറപ്പാക്കിവരികയുമാണ് പോലീസ്. ജില്ലയിലെ ഭൂരിപക്ഷം പോലീസുദ്യോഗസ്ഥരെയും നിരത്തിലിറക്കി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ജനങ്ങള്‍ക്കാവശ്യമായ അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കിവരികയും ചെയ്യുന്നു. ഇതിനായി ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയ പോലീസ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വരുന്നതായി ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു.

ഭക്ഷ്യവസ്തുക്കള്‍, അവശ്യമരുന്നുകള്‍, വാഹന സൗകര്യങ്ങള്‍ തുടങ്ങിയുള്ള സേവനങ്ങള്‍ പോലീസ് ലഭ്യമാക്കുന്നു. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങള്‍ക്കും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നു.

പ്രോട്ടോകോള്‍, ക്വാറന്റൈന്‍ ലംഘനങ്ങള്‍ കണ്ടെത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നു. വനിതാ പോലീസ് ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥരെ ക്വാറന്റൈന്‍ ലംഘനങ്ങളും മറ്റും കണ്ടെത്താന്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും വനിതാ പോലീസിനെ നിയോഗിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.