കണ്ണൂർ: കൊവിഡ് മഹാമാരിയുടെയും അതേത്തുടര്‍ന്നുള്ള ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സഹായവുമായി ജില്ലാ പഞ്ചായത്തിന്റെ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്. സുശീലാ ഗോപാലന്‍ ലീഗല്‍ സെല്ലുമായി സഹകരിച്ച് ആരംഭിച്ച ഹെല്‍പ് ഡെസ്‌കിന്റെ ഉദ്ഘാടനം മുന്‍ എം പി പി കെ ശ്രീമതി ടീച്ചര്‍ നിര്‍വഹിച്ചു.
കൊവിഡ് കാലത്ത് ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന വിഭാഗമാണ് സ്ത്രീകളെന്നും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌ക് സംവിധാനം മാതൃകാപരമാണെന്നും അവര്‍ പറഞ്ഞു.
കൊവിഡ് പ്രതിസന്ധി കാരണം സ്ത്രീകളില്‍ പലരും എന്തു ചെയ്യണമെന്നറിയാത്ത സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് വീട്ടിനകത്തും പുറത്തും ആശുപത്രിയിലും മറ്റുമുള്ള ഏത് ആവശ്യങ്ങള്‍ക്കും ഹെല്‍പ്പ് ഡെസ്‌കിലേക്ക് വിളിക്കാമെന്നും ജില്ലയുടെ ഏത് ഭാഗത്തായാലും ലീഗല്‍ സെല്ലിന്റെ വനിതാ വളണ്ടിയര്‍മാര്‍ സഹായവുമായി എത്തുമെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കൊവിഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സഹായം അഭ്യര്‍ഥിച്ച് സമീപിക്കുന്ന നിരവധി സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയാണ് ജില്ലയിലാകെയുള്ള സ്ത്രീകള്‍ക്ക് സഹായകമായ രീതിയില്‍ ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതെന്ന് അവര്‍ പറഞ്ഞു. സുശീലാ ഗോപാലന്‍ ലീഗല്‍ സെല്ലിന്റെ 200ലേറെ വളണ്ടിയര്‍മാരുടെ സേവനം ഹെല്‍പ്പ് ഡെസ്‌ക്കിനായി ലഭ്യമായിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, സുശീലാ ഗോപാലന്‍ ലീഗല്‍ സെല്‍ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള ടീച്ചര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, അംഗങ്ങളായ എന്‍ പി ശ്രീധരന്‍, സി പി ഷിജു, സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 9400064876, 9400064877, 9400064878 എന്നീ നമ്പറുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്കുമായി ബന്ധപ്പെടാം.