കണ്ണൂർ: സര്‍ക്കാര്‍ നമ്മളെ ഇങ്ങനെ കാക്കുമ്പോ ഞങ്ങളാ സ്‌നേഹം തിരിച്ചു കാട്ടണ്ടേ? പ്രാപ്പൊയിലിലെ ഷിജി രജീവ് സര്‍ക്കാരിനോടുള്ള തങ്ങളുടെ നന്ദിയും സന്തോഷവും അറിയിച്ചത് വാക്‌സിന്‍ ചാലഞ്ചിലേക്ക് രണ്ടായിരം രൂപ നല്‍കിക്കൊണ്ടാണ്.
പ്രാപ്പൊയില്‍ നെല്ലിക്കളത്തെ ഷിജി രജീവിനെ സംബന്ധിച്ചിടത്തോളം 2000 രൂപ അത്ര ചെറിയ തുകയല്ല. അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇവര്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കാനായി വീട്ടിലെത്തിയ വാര്‍ഡ് ജാഗ്രത സമിതി അംഗങ്ങളുടെ കയ്യിലേക്ക് അപ്രതീക്ഷിതമായി ഈ തുക ഷിജി വച്ചു നീട്ടിയപ്പോള്‍ കൂടെ നിന്നവരുടെ കണ്ണു നിറഞ്ഞു.
അപകടത്തില്‍പ്പെട്ട് കഷ്ടത അനുഭവിക്കുമ്പോഴും സാമ്പത്തിക പ്രതിസന്ധികളില്‍പ്പെട്ടുഴലുമ്പോഴും, സര്‍ക്കാര്‍ ചെയ്തു തന്ന സഹായങ്ങള്‍ മറക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് നിര്‍ബന്ധപൂര്‍വം പണം നല്‍കുകയായിരുന്നു.അസുഖ ബാധിതയായ ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിച്ച തുകയില്‍ നിന്നുമാണ് ഇവര്‍ സര്‍ക്കാരിന് തന്നെ തിരികെ നല്‍കിയത്. വാര്‍ഡ് മെമ്പര്‍ കെ എം ഷാജിയുടെ നേതൃത്വത്തിലുള്ള ജാഗ്രത സമിതി ഒടുവില്‍ ഷിജിയുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു.