എറണാകുളം: ജില്ലയിൽ കോവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഇവയുടെ വിലക്കയറ്റം തടയുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അറിയിച്ചു. ജില്ലയിൽ കോവിഡ് വ്യാപനം ചെറുക്കുന്നതിനായുള്ള നടപടികൾ കാര്യക്ഷമമായി നടപ്പാക്കുവാൻ മന്ത്രി നിർദ്ദേശം നൽകി.
വീടുകൾക്കുള്ളിൽ രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ രോഗവ്യാപനം കൂടിയ പ്രദേശങ്ങളിലും കോവിഡ് രോഗബാധിതരുള്ള കുടുംബങ്ങളിലും വീടുകൾക്കുള്ളിൽ മാസ്ക് ഉപയോഗം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കും. കോവിഡിന്റെ മൂന്നാം വ്യാപനം മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങൾ ജില്ലയിൽ വേഗത്തിലാക്കുന്നതായി കളക്ടർ എസ്. സുഹാസ് അറിയിച്ചു. പരീക്ഷാ ജോലികൾക്കായി നിയോഗിക്കപ്പെട്ട അധ്യാപകർ കോവിഡ് ആന്റിജൻ പരിശോധനക്ക് വിധേയരായാൽ മതിയെന്നും യോഗത്തിൽ തീരുമാനിച്ചു.
ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൂടുതൽ കോവിഡ് പ്രത്യേക ആശുപതികൾ സജ്ജമാക്കി ജില്ലയിലെ പ്രധാന ആശുപത്രികളെ കോവിഡ് മുക്ത ആശുപത്രികളാക്കും.
അമ്പലമുഗളിലെ താത്കാലിക ഗവ. കോവിഡ് ആശുപത്രിയിൽ 400 ഓക്സിജൻ കിടക്കകൾ കൂടി പ്രവർത്തന സജ്ജമായതായി കളക്ടർ അറിയിച്ചു.
മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽ കുമാർ, പോലീസ്, ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.