ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ കോവിഡ് മുന്നണി പോരാളികൾക്ക് പി പി ഇ കിറ്റുകൾ നൽകി വയലാർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ ആശാ പ്രവർത്തകർ, വാർഡ് അംഗങ്ങൾ, ജാഗ്രതാ സമിതി അംഗങ്ങൾ എന്നിവർക്കാണ് പി.പി. ഇ കിറ്റുകൾ നൽകുന്നത്. ഗ്രാമപഞ്ചായത്തിലെ 29 ഓളം വരുന്ന ആശാ പ്രവർത്തകർക്കുള്ള പി പി കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി നിർവഹിച്ചു.

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക്, വാര്‍ റൂം എന്നിവ നേരത്തെ സജ്ജീകരിച്ചിരുന്നു. കോവിഡ് ബാധിതരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും ആംബുലന്‍സും മറ്റു വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടലില്‍ നിന്ന് എല്ലാ വാര്‍ഡിലും അത്യാവശ്യക്കാര്‍ക്ക് സൗജന്യമായി വോളണ്ടിയര്‍മാര്‍ മുഖേന ഭക്ഷണം എത്തിച്ച് നല്‍കുന്നുണ്ട്.

വീടുകളില്‍ ഭക്ഷണം ഉണ്ടാക്കാന്‍ രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും കോവിഡ് ബാധിതരായി വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാന്‍ പ്രയാസം നേരിടുന്ന കുടുംബങ്ങള്‍ക്കും ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. അര്‍ഹതപ്പെട്ടവരെ വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ കണ്ടെത്തിയാണ് ഭക്ഷണം എത്തിച്ച് നല്‍കുന്നത്.

മരുന്ന്, അവശ്യ സാധനങ്ങള്‍, ഭക്ഷണം തുടങ്ങിയവ എത്തിക്കാനും വോളണ്ടിയര്‍മാർ രംഗത്തുണ്ട്. ഒരു വാര്‍ഡില്‍ രണ്ട് പേരെന്ന കണക്കില്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സേവനത്തിനായി വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ആയൂര്‍വേദ, ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്.