നീലേശ്വരം തേജസ്വിനിപുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലായി ഷട്ടര്‍ കം റഗുലേറ്റര്‍ ബ്രിഡ്ജിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി. ജൂണ്‍ 11,12 തിയതി കളിലായി നടന്ന പരിശോധനയ്ക്ക് ശേഷം എട്ടു ഷട്ടറുകള്‍ തുറന്നു. എം രാജഗോപാലന്‍ എം എല്‍ എ, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, കയ്യൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന 17 ഷട്ടറുകളാണ് ഇവിടെ ഉള്ളത്. ഷട്ടറുകളുടെ ക്ഷമത, ജല വിതാനം ഉയരുമ്പോള്‍ കാക്കടവ് വരെയുള്ള 14 കിലോമീറ്റര്‍ പ്രദേശത്ത് ബാധിക്കാവുന്ന പ്രശ്‌നങ്ങളും ട്രയല്‍ റണ്ണില്‍ വിലയിരുത്തി. ഇറിഗോഷന്‍ വകുപ്പിന്റെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ട്രയല്‍ റണ്‍ നടത്തിയത്.
തേജസ്വിനി പുഴയില്‍ ഉപ്പുവെള്ള പ്രതിരോധത്തിനായി നീലേശ്വരം നഗരസഭയേയും കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് 65 കോടി രൂപ ചെലവില്‍ നബാര്‍ഡ് സഹായത്തോടെ സംസ്ഥാന ഇറിഗേഷന്‍ വകുപ്പാണ് ഷട്ടര്‍ കംബ്രിഡ്ജ് നിര്‍മ്മിച്ചത്. പദ്ധതിയുടെ ഭാഗമായ ഇല്കട്രിക്കല്‍ വര്‍ക്കുകള്‍ എത്രയും പൂര്‍ത്തീകരിക്കുന്നതിന് എം.രാജഗോപാലന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഇല്ക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം ജൂണ്‍ 21 ന് ചേരും.
