വയനാട്:   കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പ്രതിദിനം രണ്ടായിരത്തോളം ആർ. ടി. പി. സി. ആർ ടെസ്റ്റുകൾ ചെയ്യാൻ കഴിവുള്ള മൊബൈൽ ആർ.ടി.പി.സി. ആർ ലാബ് നല്ലൂർനാട് ഗവ. ട്രൈബൽ ആശുപത്രിയിൽ പ്രവർത്തന സജ്ജമായി. ഉദ്ഘാടനം ഒ. ആർ. കേളു എം. എൽ. എ നിർവഹിച്ചു .മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി അധ്യക്ഷനായി.

കോവിഡ് ഫലപ്രദമായി തടയുന്നതിന് കൂടുതൽ ടെസ്റ്റിംഗ് സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൊബൈൽ ആർ ടി പി സി ആർ ലാബ് പ്രവർത്തനമാരംഭിക്കുന്നത്.
മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള തൊണ്ടർനാട്, വെള്ളമുണ്ട, തിരുനെല്ലി, തവിഞ്ഞാൽ, എടവക പഞ്ചായത്തുകളിലെ അഞ്ച് ഫാമിലി ഹെൽത്ത്‌ സെന്ററുകൾ, പൊരുന്നന്നൂർ, പേരിയ, നല്ലൂർനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവയുടെ പരിധിയിൽ പെട്ടവർക്ക് ഈ മൊബൈൽ ആർ ടി പി സി ആർ ലാബ് പ്രയോജനകരമാകും. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് (കെ എം എസ് സി എൽ) മൊബൈൽ ലാബുകളുടെ മേൽനോട്ട ചുമതല. ലാബിനോട് അനുബന്ധിച്ച് 4 കളക്ഷൻ ടീമുകൾ ഉണ്ടാവും.

ഹെഡ് ടെക്നിക്കൽ ഓഫീസർ, ലാബ് ടെക്നിഷൻ, സ്വാബ് കളക്ഷൻ ഏജന്റ് (നേഴ്സ് ), ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവർ ലാബിൽ പ്രവർത്തിക്കും.
ബ്ലോക്കിലെ മെഡിക്കൽ ഓഫീസർമാർക്കാണ് ടെസ്റ്റിംഗ്കളുടെ ചുമതല.

ചടങ്ങിൽ ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ. ആർ. രേണുക, ഡി പി എം ഡോ. അഭിലാഷ്, എടവക പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് മാസ്റ്റർ, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എ. കെ. ജയഭാരതി, ജില്ലാ പഞ്ചായത്ത്‌ അംഗം കെ. വിജയൻ, ബ്ലോക്ക്‌ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. കല്യാണി, ഡിവിഷൻ മെമ്പർ കെ. വി. വിജോൾ മെഡിക്കൽ ഓഫീസർ ഡോ. സാവൻ സാറ മാത്യു തുടങ്ങിയവർ പങ്കെടുത്തു.