ആലപ്പുഴ: സർക്കാർ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് കുട്ടനാട്ടിലെ ജനങ്ങളുടെയും കർഷകരുടെയും അഭിപ്രായം കേട്ട് ശാസ്ത്രീയമായി നടപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് അലോചിച്ച് തയാറാക്കുന്ന പദ്ധതികളായിരിക്കില്ല.
പാടശേഖരസമിതികളുടേതടക്കം പ്രാദേശികമായ അഭിപ്രായങ്ങളും അറിവും സമന്വയിപ്പിച്ച് പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കാത്ത ശാസ്ത്രീയമായി നടപ്പാക്കാൻ പറ്റുന്ന പദ്ധതികൾക്കു മുൻതൂക്കം നൽകും. ലോവർ-അപ്പർ കുട്ടനാട്ടിലെ എം.എൽ.എ.മാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പുകളുടെയും യോഗങ്ങൾ പ്രത്യേകമായി അടിയന്തരമായി ചേരുമെന്നും കൃഷിക്കാർക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു.
ആശങ്കവേണ്ട, ജനങ്ങളുമായി യോജിച്ച് പദ്ധതികൾ
നടപ്പാക്കും: മന്ത്രി സജി ചെറിയാൻ
ഒന്നാം കുട്ടനാട് പാക്കേജിൽ ഉണ്ടായ പാളിച്ചകളൊന്നും രണ്ടാം പാക്കേജിൽ ഉണ്ടാവില്ലെന്നും കുട്ടനാടിനെ രക്ഷിക്കാൻ സർക്കാർ സമഗ്രവും സമ്പൂർണവുമായ വികസന പദ്ധതിയാണ് നടപ്പാക്കുകയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുട്ടനാട്ടുകാരെ ഭയചകിതരാക്കുന്ന പ്രചാരണങ്ങൾ നടക്കുന്നു. കുട്ടനാട്ടുകാർക്ക് ഒരാശങ്കയും വേണ്ട, സർക്കാർ ജനങ്ങളുമായി യോജിച്ച് നിന്ന് പദ്ധതികൾ നടപ്പാക്കും. തോട്ടപ്പള്ളി സ്പിൽവേ ലീഡിങ് ചാനലിന്റെ ആഴം കൂട്ടൽ, പുതിയ ഷട്ടറുകൾ സ്ഥാപിക്കൽ, പൊഴിയുടെ പ്രവർത്തികൾ എന്നിവ പൂർണതയോടെ നടപ്പാക്കും. എ.സി. കനാലിന്റെ നീരൊഴുക്കു സുഗമമാക്കാനുള്ള നടപടിയെടുക്കും.
കുട്ടനാടിന്റെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ മനസിലാക്കി അടിയന്തരവും ദീർഘകാലവുമായ പദ്ധതികൾക്കു രൂപം നൽകുമെന്നും വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കുന്ന സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ സാധാരണക്കാരായ ജനതയ്ക്കുവേണ്ടി ഉദ്യോഗസ്ഥർ കൈയും മെയ്യും മറന്ന് ആത്മാർഥമായി പദ്ധതികൾ നടപ്പാക്കാൻ യത്നിക്കണമെന്നും മന്ത്രി സൂചിപ്പിച്ചു.
ജനപ്രതിനിധികളും കർഷക സംഘടന പ്രതിനിധികളും ഉന്നയിച്ച വിഷയങ്ങൾ മന്ത്രിമാർ കേട്ടു. കർഷകരും ജനങ്ങളും നൽകിയ നിവേദനങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കുമെന്ന് മന്ത്രിമാർ പറഞ്ഞു.
പദ്ധതികളുടെ ഫലം പാടശേഖരത്തിൽ പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യം. കുട്ടനാട്ടിൽ കാർഷിക കലണ്ടർ കൃത്യമായി നടപ്പാക്കാനുള്ള ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും കാർഷിക മേഖലയുടെ സംരക്ഷണം സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും മന്ത്രിമാർ പറഞ്ഞു. കനകാശേരി പാടശേഖര ബണ്ടിന് സ്ഥിരമായ സുരക്ഷയൊരുക്കും. പൈൽ ആൻഡ് സ്ളാബ് ഉപയോഗിച്ച് ബണ്ട് ബലപ്പെടുത്താമെന്ന നിർദേശമാണുള്ളത്. മംഗലം പാടത്തിന്റെ ബണ്ടും ബലപ്പെടുത്തും. കനാകാശേരി, വലിയകരിപ്പാടം എന്നിവയുടെ ബണ്ട് ബലപ്പെടുത്താനുള്ള പദ്ധതിക്ക് അടിയന്തരമായി ടെണ്ടർ വിളിക്കും. നെല്ല് സംഭരണം സുഗമമാക്കാൻ ഫലപ്രദമായ നടപടി സ്വീകരിക്കും. ഹാൻഡിലിങ് ചാർജ് വർധിപ്പിക്കൽ അടക്കമുള്ള കാര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുമായി ചർച്ചചെയ്ത് കർഷകരെ സഹായിക്കാനുള്ള നടപടി സ്വീകരിക്കും.
തോമസ് കെ. തോമസ് എം.എൽ.എ., ജില്ല കളക്ടർ എ. അലക്സാണ്ടർ, മുൻ എം.എൽ.എ.മാരായ സി.കെ. സദാശിവൻ, കെ.സി. ജോസഫ്, കെ.കെ. ഷാജു, ജില്ല പഞ്ചായത്തംഗം എം.വി. പ്രിയ ടീച്ചർ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. വിശ്വംഭരൻ, ഡോ. കെ.ജി. പത്മകുമാർ, കാർഷിക സർവകലാശാല റിസർച്ച് ഡയറക്ടർ ഡോ. മധു സുബ്രഹ്മണ്യം, കുട്ടനാട് വികസന സമിതി വൈസ് ചെയർമാൻ അഡ്വ. ജോയിക്കുട്ടി ജോസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ അലിനി എ. ആന്റണി, അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ സുജ ഈപ്പൻ എന്നിവർ സംസാരിച്ചു.
എല്ലാവരെയും ബോധ്യപ്പെടുത്തിയേ രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കൂവെന്നും ആശങ്കവേണ്ടെന്നും തോമസ് കെ. തോമസ് എം.എൽ.എ. പറഞ്ഞു. അഭിപ്രായസമന്വയത്തോടെയേ പദ്ധതികൾ നടപ്പാക്കൂവെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക കലണ്ടർ കൃത്യമായി നടപ്പാക്കുന്നതിനായി പാടശേഖരത്തിന്റെ പുറംബണ്ട് ബലപ്പെടുത്തൽ അടക്കമുള്ള അടിസ്ഥാന ഭൗതിക സാഹചര്യങ്ങൾ സൃഷ്ടിക്കാൻ പദ്ധതികൾ വേണമെന്നും കനകാശേരി പാടശേഖരത്തിലെ മടവീഴ്ചമൂലം അഞ്ഞൂറിലധികം കുടുംബങ്ങൾ വെള്ളക്കെട്ടിലാണെന്നും സത്വരനടപടി സ്വീകരിക്കണമെന്നും മുൻ എം.എൽ.എ. സി.കെ. സദാശിവൻ ആവശ്യപ്പെട്ടു.
പാടശേഖരങ്ങൾക്ക് വെള്ളപ്പൊക്കകാലത്തും വെള്ളം പമ്പുചെയ്തു കളയുന്നതിനായി മോട്ടോർ പമ്പുകൾ നൽകണമെന്നും വർഷം മുഴുവൻ വൈദ്യുതി കണക്ഷൻ നൽകണമെന്നും പ്രളയം ജലം ഒഴുകിപ്പോകാൻ തടസങ്ങൾ നീക്കണമെന്നും കുട്ടനാടിനോട് ആഭിമുഖ്യമുള്ള ജീവനക്കാരെ പദ്ധതി നടത്തിപ്പിന് നിയോഗിക്കണമെന്നും മുൻ എം.എൽ.എ. കെ.സി. ജോസഫ് ആവശ്യപ്പെട്ടു.
കുട്ടനാട് സങ്കീർണമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ചെറിയ മഴയിൽ പോലും വെള്ളപ്പൊക്കം ഉണ്ടാകുന്നുവെന്നും പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരത്തിന് ഗ്രേറ്റർ കുട്ടനാട് അതോറിട്ടി രൂപീകരിക്കണമെന്നും മുൻ എം.എൽ.എ. കെ.കെ. ഷാജു ആവശ്യപ്പെട്ടു.
വേനൽക്കാലത്തുപോലും കുട്ടനാട് വെള്ളപ്പൊക്ക ദുരിതത്തെ നേരിടുന്നുവെന്നും പദ്ധതികൾ വളരെ ശ്രദ്ധയോടെ നടപ്പാക്കേണ്ടതുണ്ടെന്നും വിവിധ വകുപ്പുകളുടെ ഏകോപിതമായ കാഴ്ചപ്പാട് വേണമെന്നും കാർഷിക ശാസ്ത്രജ്ഞനായ ഡോ. കെ.ജി. പത്മകുമാർ പറഞ്ഞു.