എറണാകുളം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ വിപുലമായ കോവിഡ് പരിശോധനാ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിൻ ആരംഭിച്ച ആദ്യ ദിനത്തിൽ ഉദയംപേരൂർ പഞ്ചായത്തിൽ 700, കുമ്പളങ്ങി പഞ്ചായത്തിൽ 400 വീതം കോവിഡ് പരിശോധനകൾ നടത്തി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ രണ്ട് പഞ്ചായത്തുകളിൽ നടന്ന പ്രവർത്തനം മാതൃകാപരമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി.
ജില്ലയിൽ തെരുവിൽക്കഴിയുന്നവർക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിന്റ പ്രവർത്തനത്തിന് ബുധനാഴ്ച എറണാകുളം ടൗൺ ഹാളിൽ രാവിലെ 10ന് തുടക്കമാകും. നഗര പൊതുആരോഗ്യ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ കൊച്ചി നഗരസഭാ പരിധിയിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും മേയർ എം. അനിൽകുമാർ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.