കണ്ണൂര്‍: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാഗ്രൂപ്പുകള്‍ക്ക് ജില്ലാ പഞ്ചായത്ത് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2020-2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു വാദ്യോപകരണ വിതരണം. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് പി പി ദിവ്യ പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പിന്നോക്കം നില്‍ക്കുന്ന എല്ലാ വിഭാഗക്കാരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്ക് വരുമാനദായക സ്രോതസ്സ് ഒരുക്കുന്നതിനും അവരുടെ കലാപരമായ ഉന്നമനത്തിനും ഈ പദ്ധതി സഹായകമാകുമെന്ന് പ്രസിഡണ്ട് പറഞ്ഞു. ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 10 ഗ്രൂപ്പുകള്‍ക്കാണ് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്.

ഏഴ് ലക്ഷം രൂപ ചെലവില്‍ ഗ്രൂപ്പുകളുടെ ആവശ്യാനുസരണമുള്ള 29 ചെണ്ട (ഇടംതല), 6 ചെണ്ട(വലംതല), മൂന്ന് ഇലത്താളം, നാല് തുടി, ഒരു ചേങ്ങില എന്നിവയാണ് പദ്ധതി പ്രകാരം അനുവദിച്ചത്.പരിപാടിയില്‍ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, യു പി ശോഭ, അംഗം എ മുഹമ്മദ് അഫ്‌സല്‍, സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ വി രവിരാജ്, എം പി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.