മകളുടെ ചികിത്സാ ആവശ്യങ്ങള്‍ക്ക് കാര്‍ എടുത്തു എന്ന കാരണത്താല്‍ റേഷന്‍കാര്‍ഡിലെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നൊഴിവാക്കപ്പെട്ട ഗംഗയുടെ പരാതിയില്‍ അടിയന്തര നടപടി ഉറപ്പു നല്‍കി ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. മന്ത്രി നടത്തിയ ഫോണ്‍ ഇന്‍ പരിപാടിയിലാണ് നീണ്ടകര സ്വദേശിനിയും മത്സ്യത്തൊഴിലാളിയുമായ ഗംഗയുടെ സങ്കടാവസ്ഥ പരിഹരിച്ചത്.
75 ശതമാനം അംഗപരിമിതിയും അപസ്മാരവുമുള്ള മകളുടെ ചികിത്സയ്ക്ക് ബസിലും ട്രെയിനിലും കൊണ്ടുപോകാന്‍ പറ്റാത്തതു കൊണ്ടാണ് കാര്‍ എടുത്തത്. ഇതു കാരണം മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് സ്വയം ഒഴിവാക്കണമെന്നും അല്ലെങ്കില്‍ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. പേടിച്ച് അപേക്ഷ നല്‍കി. ഇപ്പോള്‍ വെള്ള കാര്‍ഡായെന്നാണ് അറിഞ്ഞത്, ഗംഗ പരാതിയില്‍ പറഞ്ഞു.
ഈ കാരണം കൊണ്ട് മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കില്ലെന്ന് മന്ത്രി ഗംഗയെ സമാധാനിപ്പിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്ക് ഒഴിവാകാന്‍ സമയം നല്‍കിയിട്ടുണ്ട്. ആരേയും നിര്‍ബന്ധിച്ച് പിന്‍മാറ്റേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗംഗയുടെ പരാതിയില്‍ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി അറിയിച്ചു. ഗംഗയുടെ പരാതി പരിഹരിക്കുന്നതിന് കരുനാഗപ്പള്ളി സപ്ലൈ ഓഫീസുമായി ബന്ധപ്പെടാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. പാവങ്ങളെ സഹായിക്കാന്‍ അനര്‍ഹര്‍ ഒഴിവാകണമെന്ന ഭക്ഷ്യവകുപ്പിന്റെ അഭ്യര്‍ത്ഥനയില്‍ വ്യാഴാഴ്ച വരെ 69873 പേര്‍ സ്വയം ഒഴിവായിട്ടുണ്ട്. അനര്‍ഹര്‍ക്ക് മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് സ്വയം ഒഴിവാകുന്നതിന് ജൂലൈ 15 വരെ സമയം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
