കൊച്ചി: ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വേകി തോട്ടറ ബ്രാന്‍ഡ് അരി വിപണിയില്‍. അരയന് കാവില്‍ നടന്ന ചടങ്ങില്‍ അനൂപ് ജേക്കബ് എം.എല്‍.എ വിപണനോദ്ഘാടനം നിര്‍വഹിച്ചു.
ജില്ലയുടെ നെല്ലറയായ തോട്ടറ പുഞ്ചയില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്ന കുത്തരി കിലോയ്ക്ക് 55 രൂപ നിരക്കില്‍ അഞ്ച് കിലോ പായ്ക്കിലാണ് ആദ്യ ഘട്ടം വിപണിയില്‍ എത്തിയിരിക്കുന്നത്.
തോട്ടറ പുഞ്ചയിലെ നെല്‍കൃഷി വെല്ലുവിളികള്‍ നേരിട്ട കാലത്ത് നിന്നുള്ള ശക്തമായ തിരുച്ചുവരവിന് പിന്നില്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും കര്‍ഷക കൂട്ടായ്മകളുടെയും അക്ഷീണ പ്രയത്നമുണ്ടെന്ന് ഉദ്ഘാടനം നിര്‍വഹിച്ച എം.എല്‍.എ അനൂപ് ജേക്കബ് പറഞ്ഞു. തോട്ടറ യുടെ വികസനം നാടിന് മാതൃകയാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഏകീകൃത സ്വഭാവത്തില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ തുടരുമെന്നും അറിയിച്ചു.
കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത നേടുന്നതിനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ വികസനങ്ങള്‍ നടപ്പാക്കുമെന്ന് ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. മികച്ച കര്‍ഷക ഗ്രൂപ്പായ പൊന്‍ കതിര് അംഗങ്ങള്‍ക്ക് കളക്ടര്‍ ഉപഹാരം നല്കി. കാര്‍ഷിക മേഖലയില്‍ നല്കിയ സേവനത്തിന് കര്‍ഷക സമിതി കളക്ടറെ ആദരിച്ചു.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ലാ പഞ്ചായത്തംഗം എ.പി. സുഭാഷ് , ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജാ മോഹനന്, എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി പീറ്റര്‍, തോട്ടറ പുഞ്ച കര്‍ഷക സമിതി ചെയര്മാന് കെ.ആര്. ജയകുമാര്‍, ഐ.ഒ.സി. ചീഫ് ജനറല്‍ മാനേജര്‍ പി.എസ്. മണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലിന്‍സി സേവ്യര്‍ , കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്സണ്, കര്‍ഷക സമിതി ചെയര്മാന് ഉണ്ണി എം.മന, ഹരിത കേരളം ജില്ല കോ ഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.