മലപ്പുറം: താനൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയില്‍ നഗരസഭ പരിധിയിലെ വിതരണ ശൃംഖലക്കാവശ്യമുള്ള 65 കോടി രൂപ കിഫ്ബിയില്‍ നിന്ന് കണ്ടെത്തുന്നതിന് തീരുമാനമായി. നഗരസഭകള്‍ ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണിത്. താനൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായ ചെറിയമുണ്ടം, പൊന്മുണ്ടം, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളിലെ വിതരണശൃംഖല ജല്‍ജീവന്‍ പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തിയാക്കാനും ധാരണയായി.
പദ്ധതിയുടെ ആദ്യ ഘട്ടം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അതോടൊപ്പം താനാളൂര്‍, നിറമരുതൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ ഉപ ടാങ്കുകളുടെ നിര്‍മ്മാണം തടസ്സങ്ങള്‍ നീക്കി അതിവേഗം പൂര്‍ത്തീകരിക്കുന്നതിനും ധാരണയായി. കായിക വകുപ്പ് മന്ത്രിയും താനൂര്‍ എം.എല്‍.എയുമായ വി.അബ്ദുറഹിമാന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ജില്ലയിലെ കിഫ്ബി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതോടൊപ്പം മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജല്‍ജീവന്‍ പദ്ധതിയിലുള്‍പ്പെടുത്തി കുടിവെള്ള പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ധാരണയായി. ജലവിഭവ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലാ ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.