മലപ്പുറം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ പെരുമ്പടപ്പ്  ഡിവിഷനിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ  ‘വായിച്ചു വളരട്ടെ’ ആരംഭിച്ചു. കുട്ടികളിൽ വായന വളർത്തുന്നതിനായി പെരുമ്പടപ്പ് ഡിവിഷൻ മെമ്പർ പി. റംഷാദാണ്  ഡിവിഷനിൽ വായിച്ചു വളരട്ടെ പദ്ധതിക്ക് തുടക്കം കുറിച്ചത്.
പദ്ധതിയിലൂടെ  ഡിവിഷന്
കീഴിലെ നാല് പൊതു വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുന്ന മുഴുവൻ കുട്ടികൾക്കും സാഹിത്യ പുസ്തകങ്ങൾ കൈമാറി. ദീർഘകാല അടിസ്ഥാനത്തിൽ കുട്ടികളിൽ വായന ശീലം വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
പെരുമ്പടപ്പ് എ.എം. എം.യു.പി സ്കൂളിൽ യുവ എഴുത്തുകാരൻ റഫീഖ് പട്ടേരി പദ്ധതി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ അംഗം പി.റംഷാദ് അധ്യക്ഷനായി. ചടങ്ങിൽ വാർഡ് അംഗങ്ങളായ സി. അഷറഫ്, പി.കെ അബൂബക്കർ, പ്രധാന അധ്യാപിക സി.കെ ലീലാമണി, പി ടി എ പ്രസിഡന്റ്‌ റാസിൽ പെരുമ്പടപ്പ്, ഗ്രാമ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ ഷാഹിൻ ബാനു, ജലീൽ കുന്നനയിൽ, സി. കെ ദിൽഷാദ് എന്നിവർ പങ്കെടുത്തു.