പാറളം വെങ്ങിണിശ്ശേരിയില്‍ ഭിന്നശേഷിക്കാരനായ ബിജുലാലിനും കുടുംബത്തിനും ആശ്വാസത്തിന്റെ വീടൊരുങ്ങി. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ ഇടപെടലിലൂടെയാണ് ഇദ്ദേഹത്തിനും കുടുംബത്തിനും പുതുഭവനം ഒരുക്കിയത്. വീടിന്റെ താക്കോല്‍ദാനം കലക്ടര്‍ നേരിട്ടെത്തി നിര്‍വഹിച്ചു. ബിജുലാലും ഭാര്യ ബിന്ദുവും ഭിന്നശേഷിക്കാരാണ്. മകള്‍ അരുന്ധതി പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്.കാലങ്ങളായി വാടക വീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബം ഒരു വര്‍ഷം മുമ്പാണ് വീടെന്ന ആവശ്യവുമായി കലക്ടറെ സമീപിച്ചത്. തുടര്‍ന്ന് വീടിനുള്ള സ്ഥലം കലക്ടര്‍ ഇടപെട്ട് കണ്ടെത്തുകയും ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ സഹകരണത്തോടെ വീടിന്റെ നിര്‍മാണം നടത്തുകയുമായിരുന്നു. കോവിഡ് പ്രതിസന്ധി ഘട്ടത്തിനിടയിലും തങ്ങള്‍ക്ക് വീട് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിജുലാലിന്റെ കുടുംബം പറഞ്ഞു. ഏഴു മാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. രണ്ട് ബെഡ്‌റൂം, വരാന്ത, ഹാള്‍, അടുക്കള എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ഭവനം. ഇക്കുറി ഓണം സ്വന്തം വീട്ടില്‍ ആഘോഷിക്കാമെന്ന സന്തോഷത്തിലാണ് ബിജുലാലും കുടുംബവും.താക്കോല്‍ദാന ചടങ്ങില്‍ പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി, ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ തൃശൂര്‍ ജില്ലാ ചെയര്‍മാന്‍ സുരേഷ് കൊറ്റക്കാട്, ഭരവാഹികളായ രാജേഷ് കുമാര്‍, വില്‍സന്റ്, മിജോയി ജോസഫ്, സുജിത് ശ്രീനിവാസന്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.