ആലപ്പുഴ: അരൂർ നിയോജകമണ്ഡലത്തിലെ പാണിയത്ത് ജംഗ്ഷൻ മുതൽ തൃച്ചാറ്റുകുളം വരെയുള്ള റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം ജൂലൈ 15 ന് രാവിലെ 11.30 ന് പൂച്ചാക്കൽ സെന്റ് അഗസ്റ്റിൻ പാരിഷ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
എ. എം ആരിഫ് എം.പി,ദലീമ ജോജോ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ്, ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ രാജേഷ്, വാർഡ് അംഗങ്ങളായ കെ. ഇ കുഞ്ഞുമോൻ, ബേബി ചാക്കോ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ. അനിൽകുമാർ, പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിഷ രാമചന്ദ്രൻ, തുടങ്ങിയവർ പങ്കെടുക്കും.
ചേർത്തല എൻ.എസ്.എസ് കോളേജ് ശ്രീനാരായണ കവലയിൽ നിന്നും ആരംഭിച്ച് തൃച്ചാറ്റുകുളം ജംഗ്ഷനിൽ അവസാനിക്കുന്ന ചെങ്ങണ്ട- തൃച്ചാറ്റുകുളം റോഡിന്റെ മണിയാതൃക്കൽ മുതൽ തൃച്ചാറ്റുകുളം വരെയുള്ള 6.82 കി.മി. ദൂരം നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ ചെലവിൽ ഉന്നതനിലവാരത്തിലാണ് നിർമിച്ചത്.