ഒരു വർഷംകൊണ്ട് 347 കപ്പലുകളിൽ ക്രൂ ചേഞ്ചിങ് നടത്തി സർക്കാരിന് വലിയ രീതിയിൽ വരുമാനം സ്വരൂപിക്കാൻ വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കേരള മാരിടൈം ബോർഡും സ്റ്റീമർ ഏജന്റ് അസോസിയേഷൻ വിഴിഞ്ഞം തുറമുഖവും സംയുക്തമായി സംഘടിപ്പിച്ച ക്രൂ ചേഞ്ചിങ്ങിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വളരെ നന്നായി നടക്കുന്ന തുറമുഖമാണ് വിഴിഞ്ഞം. തുറമുഖത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി മുന്നോട്ടു പോകേണ്ടതുണ്ട്. ചരക്കു നീക്കം ഏറ്റവും ആദായകരമായി നടത്താൻ കഴിയുക കോസ്റ്റൽ സർവീസുകളിലൂടെയാണ്. റോഡ് മാർഗ്ഗമുള്ള ചരക്കു നീക്കത്തിന്റെ പകുതി ചെലവ് പോലും ഇതിനു വരില്ല. അതിനാൽ കച്ചവടക്കാർക്കും വ്യവസായികൾക്കും ഇത് ആകർഷകമാണ്. സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളും ബന്ധിപ്പിച്ചുകൊണ്ട് ഒരു കോസ്റ്റൽ ഹൈവേ രൂപീകരിക്കേണ്ടതുണ്ട്. അങ്ങനെ വന്നാൽ ചരക്ക് നീക്കം എളുപ്പമാവുകയും ഭാവിയിൽ ടൂറിസ്റ്റുകളെ ആകർഷിക്കാനും സാധിക്കും. കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾ യോജിപ്പിച്ച് ഒരു സർവീസ് നടത്തിക്കഴിഞ്ഞു. വിവിധ കപ്പൽ കമ്പനികൾ കൂടുതൽ സർവീസുകൾക്കായി മാരിടൈം ബോർഡുമായി ബന്ധപ്പെടുന്നുണ്ട്. ഉടൻ തന്നെ കൂടുതൽ കപ്പലുകൾ നമ്മുടെ തുറമുഖങ്ങളിൽ എത്തിച്ചേരുമെന്ന പ്രതീക്ഷയാണുള്ളതെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചേഞ്ചിങ്ങിനായി സഹകരിച്ച വ്യക്തികളെയും വിവിധ ഏജൻസികളെയും പരിപാടിയിൽ മന്ത്രി ആദരിച്ചു.

2020 ജൂലൈ 15നാണ് വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചേഞ്ചിങ് ആരംഭിച്ചത്. ക്രൂ ചേഞ്ചിങ് നടത്തിയതിൽ കണ്ടെയ്നർ കപ്പലുകളും ടാങ്കറുകളും ഗ്യാസ് ടാങ്കറുകളും ഉൾപ്പെടുന്നു. ക്രൂ ചേഞ്ചിങ്ങിന്റെ ഭാഗമായി വിഴിഞ്ഞത്ത് ഇതുവരെ 2807 പേർ കപ്പലുകളിൽ ജോലിക്ക് കയറുകയും 2737 പേർ കപ്പലിൽനിന്ന് ഇറങ്ങുകയും ചെയ്തു. ഈ കാലയളവിൽ ഒരു കപ്പലിന്റെ മാനേജ്മെന്റ് ചെയ്ഞ്ച് നടന്നു. മൂന്ന് കപ്പലുകളുടെ സാനിറ്റേഷനും നടത്തി.

കേരള മാരിടൈം ചെയർമാൻ അഡ്വ. വി.ജെ. മാത്യു, കൊല്ലം പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുതവാര്യർ, തിരുവനന്തപുരം എഫ്.ആർ.ആർ.ഒ അരവിന്ദ മേനോൻ, കേരള മാരിടൈം ബോർഡ് മെമ്പർ അഡ്വ. മണിലാൽ, സ്റ്റീമർ ഏജന്റ് അസോസിയേഷൻ വിഴിഞ്ഞം തുറമുഖം പ്രസിഡന്റ് എൻ.ബി രാജ്മോഹൻ തുടങ്ങിയവർ സംബന്ധിച്ചു.