കോഴിക്കോട്‌: കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളില്‍ നടത്തിയ ക്യാമ്പുകളില്‍ 17,850 പേര്‍ പരിശോധനയ്ക്ക് വിധേയരായി.പരമാവധി പരിശോധന നടത്തി കോവിഡ് രോഗവാഹകരെ കണ്ടെത്തി ക്വാറന്റെയ്ന്‍ ചെയ്യാനും രോഗത്തിന്റെ സമൂഹവ്യാപനം തടയാനുമാണ് മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.സര്‍ക്കാര്‍ സംവിധാനത്തില്‍ 13,685 പരിശോധനകളാണ് നടത്തിയത്. 8128 ആന്റിജൻ, 5557 ആര്‍.ടി.പി.സി.ആര്‍ പരിശോധനകൾ നടത്തി. സ്വകാര്യമേഖലയില്‍ 4295 പേർ പരിശോധനയ്ക്ക് വിധേയരായി. 1944 ആന്റിജനും 2261 ആര്‍.ടി.പി.സി.ആര്‍ പരിശോധനകളും നടത്തി.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന പരിശോധന ഇന്നും (ജൂലൈ 16 ) തുടരും. കോവിഡ് ലക്ഷണമുള്ളവര്‍, കോവിഡ് രോഗി വീട്ടിലുള്ളവര്‍, കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടാകുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്ന വ്യാപാരികള്‍ അടക്കമുള്ളവര്‍, ആശുപത്രികളില്‍ മറ്റ് പരിശോധനകള്‍ക്കോ ചികിത്സക്കോ എത്തിയവര്‍ തുടങ്ങിയവര്‍ പരിശോധനയുമായി സഹകരിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അഭ്യർത്ഥിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന പ്രാഥമിക- സാമൂഹ്യ- കുടുംബ- ആരോഗ്യകേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രി എന്നിവടങ്ങളിലുമാണ് പരിശോധന നടത്തുക. കോവിഡ് ലക്ഷണമുള്ളവര്‍, കോവിഡ് രോഗി വീട്ടിലുള്ളവര്‍ എന്നിവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും അല്ലാത്തവര്‍ക്ക് ആന്റിജന്‍ പരിശോധനയുമാണ് നടത്തുക.