കണ്ണൂര്‍: ഓണക്കാലത്ത് ഭക്ഷ്യ-അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിപണിയില്‍ ആവശ്യമായ ഇടപെടല്‍ നടത്താനും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ,് ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. സിവില്‍ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ ഓഫീസര്‍മാരുമായി ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്ന അനര്‍ഹര്‍ക്ക് സ്വമേധയാ തിരിച്ചേല്‍പ്പിക്കാനുളള ആഹ്വാനത്തിന് നല്ല പ്രതികരണമുണ്ടായി. ഒരു ലക്ഷത്തിലധികം പേര്‍ ഇതിനോടകം തിരിച്ചേല്‍പ്പിച്ചതായി  മന്ത്രി പറഞ്ഞു.  വാതില്‍പ്പടി വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിനാവശ്യമായ ഒരുക്കങ്ങള്‍ ത്വരിതപ്പെടുത്താനും ഉദേ്യാഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ മനോജ്കുമാര്‍, സപ്ലൈകോ റീജിയണല്‍  മാനേജര്‍ എന്‍ രഘുനാഥ് എന്നിവര്‍ സംസാരിച്ചു.