ആലപ്പുഴ: കോവിഡ് 19 പ്രതിരോധത്തിനും കാറ്റഗറി ‘എ’ വിഭാഗത്തില്‍പ്പെട്ട കോവിഡ് രോഗികളുടെ ചികിത്സയിലും കാര്യക്ഷമമായി ഇടപെട്ട് ഭാരതീയ ചികിത്സാ വകുപ്പ്. കോവിഡ് പ്രതിരോധത്തിനും ലക്ഷണങ്ങള്‍ കുറവുള്ള കാറ്റഗറി ‘എ’ വിഭാത്തില്‍പ്പെട്ട കോവിഡ് രോഗികളുടെ ചികിത്സയ്ക്കുമായി വിവിധ പദ്ധതികളാണ് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്നത്.

കാറ്റഗറി ‘എ’ വിഭാഗത്തിലെ കോവിഡ് രോഗികള്‍ക്കുള്ള ചികിത്സാ പദ്ധതിയായ ‘ഭേഷജം’ ജില്ലയിലെ 79 ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി നടപ്പാക്കുന്നുണ്ട്. കോവിഡ് മുക്തരായവര്‍ക്കുള്ള ‘പുനര്‍ജ്ജനി’ പദ്ധതി വഴി കോവിഡാനന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ഔഷധം, യോഗ തുടങ്ങിയവ മുഖേന പൂര്‍ണ്ണ ആരോഗ്യത്തിലേയ്ക്ക് തിരിച്ചെത്തിക്കുകയും ചെയ്യുന്നു. ജില്ലയില്‍ ഭേഷജം പദ്ധതി മുഖേന 18525 പേര്‍ക്ക് കോവിഡ് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിനായി 60 വയസ്സിന് താഴെയുള്ളവര്‍ക്ക് ‘സ്വാസ്ഥ്യം’, 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ‘സുഖായുഷ്യം’, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ‘അമൃതം’ എന്ന പേരിലും പ്രതിരോധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ജില്ലയിലെ 79 ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ക്ക് പുറമേ ആറ് സിദ്ധരക്ഷാ ക്ലിനിക്കുകള്‍ വഴിയും പ്രതിരോധ പ്രവര്‍ത്തനങ്ങളും കോവിഡാനന്തര ചികിത്സയും നടപ്പിലാക്കി വരുന്നു. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കോവിഡ് രോഗികള്‍ക്കായി ‘ഹര്‍ഷം’ പദ്ധതി മുഖേന ടെലികൗണ്‍സിലിംഗ് സംവിധാനവുമുണ്ട്.

കോവിഡ് പ്രതിരോധത്തിനും കാറ്റഗറി ‘എ’ കോവിഡ് ചികിത്സയ്ക്കും കോവിഡാനന്തര ചികിത്സകള്‍ക്കും ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ ആയുര്‍രക്ഷാ ക്ലിനിക്കുകളും സുസജ്ജമാണെന്നും ഈ മഹാമാരിയെ അതിജീവിക്കുന്നതിനായി വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ഷീബ അറിയിച്ചു.