മലപ്പുറം : വള്ളിക്കുന്നില്‍ മൂന്ന് വയസുകാരിക്ക് ഷിഗല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. വള്ളിക്കുന്നില്‍ മൂന്ന് വയസ്സുകാരിക്കാണ് ഷിഗല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ച് ബുധനാഴ്ച ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നിന്ന് ഔദ്യോഗികമായി വിവരം ലഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള പരിശോധന ഫലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വള്ളിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെകടര്‍ ജയരാജിന് കൈമാറിയതോടെ രോഗ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയായിരുന്നു. പഞ്ചായത്ത് തലത്തില്‍ നേരത്തെ തന്നെ യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച അധികൃതര്‍ വാര്‍ഡ് തലത്തില്‍ ജാഗ്രതസമിതിയോഗം ചേര്‍ന്ന് കൃത്യമായ ബോധവത്ക്കരണത്തിന് തീരുമാനമെടുക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. വള്ളിക്കുന്ന് പഞ്ചായത്തിലെ മൂന്ന് വയസുകാരിയില്‍ ഈ മാസം 24നാണ് ഷിഗല്ല രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കൈയില്‍ നീല നിറവും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയെ അപകട നില തരണം ചെയതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
