കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ പുനരുദ്ധരിച്ച ക്വിറ്റ്‌കോസ് ലിമിറ്റഡ് ഉമയനല്ലൂരില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ നിര്‍വഹിച്ചു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സാധാരണക്കാര്‍ക്ക് വരുമാനം കണ്ടെത്താനുള്ള അവസരമാണ് ഇത്തരം സംരംഭങ്ങള്‍. മൂന്നര കോടി രൂപയാണ് വ്യവസായ എസ്റ്റേറ്റുകള്‍ സ്ഥാപിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് മാറ്റിവെച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മെഷീനറി നവീകരിച്ച് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയും നടത്തി.
പുതിയ ടൂള്‍സ്, ഉത്പന്ന വൈവിധ്യവത്കരണത്തിന് അസംസ്‌കൃത വസ്തുക്കള്‍ എന്നിവയും ലഭ്യമാക്കി. ജീവനക്കാര്‍ക്ക് ഇന്‍പ്ലാന്റ് പരിശീലനവും നല്‍കും. ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപയാണ് അനുവദിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാല്‍ അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജറും ക്വിറ്റ്‌കോസ് ചെയര്‍മാനുമായ കെ. എസ് ശിവകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മാനേജര്‍ ആര്‍. ദിനേശ് പദ്ധതി റിപ്പോര്‍ട്ടും. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, ഡിവിഷന്‍ അംഗം സെല്‍വി, തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് എല്‍. ജലജകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ.് സുധീര്‍, വാര്‍ഡ് മെമ്പര്‍ എ. എം. റാഫി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍, ക്വിറ്റ്‌കോസ് മാനേജിങ് ഡയറക്ടര്‍ രോഷ്‌ന അലികുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.