** 4.04 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമാണം
** ടെൻഡർ നടപടികൾ ഉടൻ
നെയ്യാറ്റിൻകര ടൗൺ മാർക്കറ്റ് ഹൈടെക്കാകുന്നു. 4.04 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് 20,000 ചതുരശ്ര അടിയിൽ നിർമിക്കുന്ന മാർക്കറ്റിൽ കോൾഡ് സ്‌റ്റോറേജ് സംവിധാനം, ജലസംഭരണികൾ, മത്സ്യ- പച്ചക്കറി സ്റ്റാളുകൾ, പാർക്കിങ് സംവിധാനം തുടങ്ങിയവ സൗകര്യങ്ങളെല്ലാമുണ്ടാകും.
നിലവിലുള്ള മാർക്കറ്റിനു മുന്നിലെ ബഹുനില കെട്ടിടം നിലനിർത്തിക്കൊണ്ടാകും നിർമാണം. ബേസ്‌മെന്റ് ഫ്‌ളോറിലാണു കോൾഡ് സ്റ്റോറേജ് സംവിധാനവും ജലസംഭരണികളും നിർമിക്കുക. ഒരേസമയം എട്ടു ട്രക്കുകളിൽനിന്നു മീൻ മാറ്റുന്നതിനുള്ള സൗകര്യത്തോടെയാകും കോൾഡ് സ്‌റ്റോറേജ് നിർമിക്കുന്നത്. ഇതിനു പുറമെ ടോയ്ലറ്റ്, പാർക്കിങ് സൗകര്യങ്ങൾ തുടങ്ങിയവയും ബേസ്മെന്റ് ഫ്ളോറിൽ ഉണ്ടാകും. ഗ്രൗണ്ട് ഫ്ളോറിൽ 20 ഫിഷ് സ്റ്റാളുകൾ, നാല് മീറ്റ് സ്റ്റാളുകൾ, 11 വെജിറ്റബിൾ സ്റ്റാളുകൾ, എട്ട് കടമുറികൾ വിശ്രമിക്കാനുള്ള സൗകര്യം, ടോയ്ലറ്റ് എന്നിവയുണ്ടാകും. ഒന്നാംനിലയിൽ എട്ടു കടമുറികൾ, ടോയ്ലറ്റ് സൗകര്യം എന്നിവയാണ് ഒരുക്കുന്നത്. പദ്ധതിയുടെ ടെൻഡർ നടപടികൾ വൈകാതെ ആരംഭിക്കും.
മാർക്കറ്റ് പുനർനിർമാണം സംബന്ധിച്ച വിശദമായ പ്ലാനും മറ്റു വിവരങ്ങളും ചർച്ച ചെയ്യാൻ മുനിസിപ്പൽ ഓഫിസിൽ യോഗം ചേർന്നു.കെ. ആൻസലൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ്മോഹനൻ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. ഷിബു, എൻ.കെ. അനിത കുമാരി, ഡോ. എം.എ. സാദത്ത്, ജോസ് ഫ്രാങ്കളിൻ, മുനിസിപ്പൽ സെക്രട്ടറി ആർ. മണികണ്ഠൻ, കിഫ്ബി എഞ്ചിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ, കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.