നവ മാധ്യമ പ്രചാരണത്തിൽ പങ്കെടുത്തത് നാലു ലക്ഷത്തിലധികം ആളുകൾ

ഒന്നാം സ്ഥാനം ഗവ. വി. എച്ച്. എസ്. എസ് ഈസ്റ്റ് മാറാടിക്ക്

കാക്കനാട്: നാടോടുമ്പോ നടുവേ ഓടണം എന്നാണ്. ഓൺലൈൻ കാലത്ത് എറണാകുളം സാമൂഹ്യ നീതി വകുപ്പ് ചെയ്തത് നടുവെ മാത്രമല്ല കുറുകെയും ഓടുകയായിരുന്നു. ആളുകൾ അടച്ചിരിക്കുന്ന കാലത്ത് പൊതുസ്ഥലത്ത് പൊതുപരിപാടികളും പ്രചാരണങ്ങളും നടത്താൻ കഴിയില്ല. കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം എറണാകുളം ജില്ലയിൽ ലഹരിക്കെതിരെ തീവ്രപ്രചാരണം സംഘടിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്തു ചെയ്യും. ഓൺലൈൻ തന്നെ ശരണം. സ്ഥിരം രീതി മാറ്റിപ്പിടിക്കണം. ലഹരി വിമുക്ത എറണാകുളത്തിനായി പരിശീലനം നേടിയ 72 മാസ്റ്റർ വളണ്ടിയർമാർക്കൊപ്പം വകുപ്പ് ജീവനക്കാരും ആലോചിച്ചു. ഉത്തരം കണ്ടെത്തി. ജനങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന എല്ലാ നവ മാധ്യമങ്ങളെയും ഉപയോഗിച്ചു കൊണ്ടൊരു മത്സര പരിപാടി. ജില്ലയിലെ സംഘടനകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. പരസ്യം ചെയ്തപ്പോൾ 40 ലധികം സ്ഥാപനങ്ങൾ അന്വേഷിച്ചു. രജിസ്റ്റർ ചെയ്തു. ഒരു മാസത്തെ തീവ്രപ്രചാരണം ആരംഭിച്ചു. ചിലരെല്ലാം വഴിയിൽ വെച്ച് പിൻമാറി. 13 സ്ഥാപനങ്ങൾ അവസാനം വരെ പല രീതിയിൽ സന്ദേശം ജനങ്ങളിലെത്തിച്ചു. അവസാനം റിപ്പോർട്ടും ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് സമർപ്പിച്ചു. അങ്ങനെ 15000 രൂപയുടെ ഒന്നാം സമ്മാനം ഗവ. വി. എച്ച്. എസ്. എസ് ഈസ്റ്റ് മാറാടി, എൻ.എസ്.എസ് യൂണിറ്റ് (9447220332), നേടി. 10000 രൂപയുടെ രണ്ടാസമ്മാനം നേടിയത് ഭാരത മാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് , തൃക്കാക്കര ( 8078079480) ആയിരുന്നു. 5000 രൂപയുടെ മൂന്നാം സമ്മാനം ഗവൺമെൻറ് ലോ കോളേജ്, എറണാകുളവും (9447257393) നേടി. പൊതുജന സമ്പർക്ക വകുപ്പ് റീജിണൽ ഡയറക്ടർ ചന്ദ്രഹാസൻ വടുതല, മീഡിയ അക്കാദമി അധ്യാപക കെ. ഹേമലത , ലഹരി വർജ്ജന മേഖലയിൽ പ്രവർത്തിക്കുന്ന ജിജോ എം. പി എന്നിവരായിരുന്നു വിധികർത്താക്കൾ. ‘നശാ മുക്ത് ഭാരത് അഭിയാൻ’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. ഇന്ത്യയിലെ 272 ജില്ലകളിലെ വർദ്ധിച്ചു വരുന്ന മദ്യ- മയക്കുമരുന്ന് ഉപഭോഗം കുറക്കാനായാണ് പദ്ധതി ആസൂത്രണം ചെയ്തത്. ജില്ലാ സാമൂഹ്യ നീതി ഓഫീസർ സുബൈർ .കെ.കെ, പദ്ധതിയുടെ ജില്ലാതല ഏകോപകരിൽ ഒരാളായ ഡോ. അനീഷ് കെ.ആർ എന്നിവർ പരിപാടിക്ക് കടിഞ്ഞാൺ പിടിച്ചു. ‘ലഹരിക്കെതിരെ കൈകോർക്കാം… ലഹരി വിമുക്ത എറണാകുളം’ എന്ന മുദ്രാവാക്യമുയർത്തി നവ മാധ്യമ പ്രചാരണം കൂടാതെ ചിത്രരചന, ട്രോൾ നിർമാണം, തീം ഡാൻസ്, പ്രസംഗ മത്സരം എന്നീ മത്സരങ്ങളും ജില്ലാ സമൂഹ്യ നീതി ഓഫീസിൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.
നവമാധ്യമ പ്രചാരണത്തിൽ അവസാനം വരെ പങ്കെടുത്ത സ്ഥാപനങ്ങൾ

1.മൈൻഡ് കൗൺസിലിംഗ് &
ട്രെയിനിംഗ് സെന്റർ
2. എൽദോ മാർ ബസേലിയോസ്
കോളേജ് കോതമംഗലം
3. മാർ തോമ വനിത കോളേജ്
പെരുമ്പാവൂർ

4. എസ്.എൻ.ജി. സി, പൈങ്ങട്ടൂർ
5.സെന്റ്. പോൾസ് കോളേജ്,
എൻ. എസ്. എസ് യൂണിറ്റ്
കളമശ്ശേരി
6. സ്നേഹിത ജൻഡർ ഹെൽപ്പ്
ഡെസ്ക്, എറണാകുളം
7. രാജഗിരി കോളേജ് ,കളമശ്ശേരി
8. മോർണിംഗ് സ്റ്റാർ കോളേജ്
അങ്കമാലി
9. യൂണിയൻ ക്രിസ്ത്യൻ
കോളേജ് ,ആലുവ
10. അശ്വാ സ്പോർട്സ് ക്ലബ്ബ്
11.ഗവ. വി. എച്ച്. എസ്. എസ്
ഈസ്റ്റ് മാറാടി
(എൻ.എസ്.എസ് യൂണിറ്റ്)
12. ഭാരത മാതാ സ്കൂൾ ഓഫ്
സോഷ്യൽ വർക്ക് ,
തൃക്കാക്കര,

13.ഗവൺമെൻറ് ലോ കോളേജ്,
എറണാകുളം

ഉപയോഗിച്ച നവ മാധ്യമങ്ങൾ

ഫേസ്ബുക്ക്
ഇൻസ്റ്റാഗ്രാം
യൂട്യൂബ്
ടിറ്റർ
ഗൂഗ്ൾ മീറ്റ്
സൂം
ക്ലബ്ബ് ഹൗസ്

കൂടാതെ
പത്ര മാധ്യമങ്ങളും പ്രാദേശിക ചാനലുകളും ഇതുമായി സഹകരിച്ചു.

ലഭ്യമായ ലൈക്കും ഷെയറും കണ്ടവരുടെ എണ്ണവും ( റിപ്പോർട്ട് സമർപ്പിച്ച 13 സ്ഥാപനങ്ങളുടെത്)
ലൈക്ക്=64806
ഷെയർ= 69089
കണ്ടവരുടെ എണ്ണം= 439951