ക്ഷീരകര്‍ഷക, പുല്‍കൃഷി മേഖലകളിലേക്ക് കൂടുതല്‍ യുവജനങ്ങള്‍ സംരംഭകരായി എത്തുന്ന സാഹചര്യത്തില്‍ എല്ലാ പ്രോത്സാഹനവും നല്‍കും എന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കടയ്ക്കല്‍,ചാണപ്പാറ സര്‍ഗ ദായിനി സ്മാരക വായനശാലയില്‍ നടക്കുന്ന ദ്വിദിന സംരംഭകത്വ പരിശീലന പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീര – മൃഗസംരക്ഷണ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുകയാണ്. 50 മുതല്‍ 100 വരെ കന്നുകാലികളുള്ള ഫാമുകള്‍ നടത്തുന്നതിനും ആളുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് മുഖേന സബ്സിഡി നിരക്കില്‍ ലോണുകളും അനുവദിക്കുന്നുണ്ട്. സ്ത്രീകളടക്കം പുതിയ സംരംഭകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിന് പരിശീലന പരിപാടികള്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
