തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവത്കരണത്തിനായുള്ള നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ കലാജാഥ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉദ്ഘാടനം ചെയ്തു. വെള്ളനാട് നമസ്‌തെ ഹോമിൽനിന്ന് ആരംഭിച്ച കലാജാഥ തിരുവനന്തപുരം ശ്രീചിത്രാ ഹോമിൽ സമാപിച്ചു.
നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി നിരവധി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ ജില്ലയിൽ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്ന് ഉദ്ഘാടന ചടങ്ങിൽ കളക്ടർ പറഞ്ഞു. ഈ പ്രവർത്തനങ്ങൾക്കു വൈകാതെ ഫലമുണ്ടാകുമെന്നും ലഹരി വിരുദ്ധ പോരാട്ടത്തിനു സമൂഹത്തിൽനിന്നു വലിയ പിന്തുണയാണു ലഭിക്കുന്നതെന്നും കളക്ടർ പറഞ്ഞു.
ജില്ലാ വനിതാ ശിശു വികസന ഓഫിസർ സബീന ബീഗം അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫിസർ എം. ഷൈനിമോൾ, ഗവൺമെന്റ് ചിൽഡ്രൺസ് ഹോം സൂപ്രണ്ട് എ.വി. ഷീജ, ഡോ. എൽ.ആർ. മധുജൻ, ജില്ലാ സാമൂഹ്യനീതി ഓഫിസ് സീനിയർ സൂപ്രണ്ട് ഇ. തമ്പി തുടങ്ങിയവർ പങ്കെടുത്തു.