ആരോഗ്യമേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുത്തോലി ഗ്രാമപഞ്ചായത്തിനു വീണ്ടും അംഗീകാരം. ജില്ലയിലെ മികച്ച പഞ്ചായത്തിനു നല്‍കുന്ന ആരോഗ്യകേരളം പുരസ്‌കാരത്തിനാണ് മുത്തോലി അര്‍ഹരായത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആരോഗ്യപുരസ്‌കാരം മുത്തോലിയെ തേടിയെത്തുന്നത്.
കഴിഞ്ഞ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഉന്നത നിലവാരത്തിലേക്കുയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലാബ്, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സേവനങ്ങളും വിപുലമാക്കി. സമഗ്ര മാലിന്യസംസ്‌കരണ പദ്ധതി, എല്ലാ വാര്‍ഡുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവയും നടത്തി. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി രോഗപരിശോധനാ ക്യാമ്പുകളും പി.എച്ച്.സി നടത്തുന്നുണ്ട്. ബാലസൗഹൃദ പഞ്ചായത്താകുന്നതിന്റെ ഭാഗമായി ഇവിടെ കുട്ടികള്‍ക്കായി പ്രത്യേക പാര്‍ക്ക്, വാക്‌സിനേഷന്‍ കേന്ദ്രം, ഫീഡിങ് റൂം തുടങ്ങിയവയും ആരംഭിച്ചിട്ടുണ്ട്. പിഎച്ച്‌സിയുമായി ചേര്‍ന്ന് ഇന്ദ്രധനുസ്സ് എന്ന പേരില്‍ നടത്തിയ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയും നൂറുശതമാനം വിജയം കണ്ടു. പാലിയേറ്റീവ് കെയറില്‍ നഴ്‌സിന്റെ സേവനത്തിനൊപ്പം ആംബുലന്‍സ് സൗകര്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. അങ്കണവാടികള്‍ വഴി വയോജനങ്ങള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് പോഷക മരുന്നുകള്‍ വിതരണം ചെയ്തു. അഞ്ചുലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. കിടപ്പുരോഗികളുടെ പരിചരണത്തിനായി ഏഴു ലക്ഷത്തോളം രൂപയും കഴിഞ്ഞ വര്‍ഷം ചെലവഴിച്ചിട്ടുണ്ട്. അഞ്ചുലക്ഷത്തിലേറെ രൂപ മുടക്കി ആധുനിക ലബോറട്ടറി സൗകര്യവും ഏര്‍പ്പെടുത്തി. പി.എച്ച്.സി വഴി 6.50 ലക്ഷം രൂപയുടെ മരുന്നുകള്‍ രോഗികള്‍ക്കു നല്‍കി. ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനം ഇവിടെയുണ്ട്. ഇതിനായി പഞ്ചായത്ത് ഒരു ലക്ഷം രൂപ പ്രത്യേകമായി വകയിരുത്തി. മാലിന്യസംസ്‌കരണത്തിനായി പൈപ്പ് കംപോസ്റ്റ്,ഏയറോബിക് കംപോസ്റ്റ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഇത്തരത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് മുത്തോലിയെ അവാര്‍ഡിനര്‍ഹരാക്കിയത്. അഞ്ചുലക്ഷം രൂപയാണ് ആരോഗ്യകേരളം പുരസ്‌കാരത്തുക. പഞ്ചായത്തു ഭരണസമിതി വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കിയതാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്നും പി.എച്ച്. സി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞതായി മെഡിക്കല്‍ ഓഫീസര്‍ ഡോ.അനീഷ് കെ.ഭദ്രന്‍ പറഞ്ഞു. ഗുണനിലവാരത്തിനുള്ള നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫിക്കേഷനും ലഭിച്ചുകഴിഞ്ഞു.ഉടന്‍ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.