രാജീവ് ഗാന്ധി ജൈവ സാങ്കേതിക കേന്ദ്രം, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ ആർ.ജി.സി.ബി ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന ആദിവാസി പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ക്ഷീര കർഷകർക്കായി ബോധവൽക്കരണ ക്ലാസ്സും, ഔഷധ സസ്യങ്ങളുടെ വിതരണവും നടത്തി. അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ നെല്ലാറച്ചാൽ പ്രദേശത്തുള്ള ക്ഷീര കർഷകർക്കായാണ് പാരമ്പര്യ മൃഗ ചികിത്സ പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവത്ക്കരണ ക്ലാസ്സും, അടുക്കളത്തോട്ടത്തിനു വേണ്ടിയുള്ള ഔഷധ സസ്യങ്ങളുടെ വിതരണവും നടത്തിയത്.
അന്യം നിന്നു കൊണ്ടിരിക്കുന്ന നാടൻ കന്നുകാലിയിനങ്ങളേയും, വായ്മൊഴിയായി മാത്രം കൈമാറ്റം ചെയ്ത് വരുന്ന പാരമ്പര്യ ചികിത്സാ അറിവുകളേയും സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടിയാണ് ജില്ലയിലെ നെല്ലാറച്ചാൽ ഗ്രാമത്തിൽ പദ്ധതി ആരംഭിച്ചത്. നാടൻ കന്നുകാലിയിനങ്ങളുടേയും, പാരമ്പര്യ മൃഗചികിത്സാ അറിവുകളുടേയും പ്രാമാണീകരണവും, ശാസ്ത്രീയ പഠനങ്ങളും ആർ.ജി.സി.ബി ഡയറക്ടർ പ്രൊഫസർ ചന്ദ്രഭാസ് നാരായണയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പരമ്പരാഗത അറിവുകൾക്ക് ഉചിതമായ ശാസ്ത്രീയ അടിത്തറ നൽകി അവയെ സംരക്ഷിക്കുന്നതിനോടൊപ്പം അത്തരം അറിവുകൾ ഉത്പന്നങ്ങൾ ആയി രൂപപ്പെടുത്തി പൊതുസമൂഹത്തിന് മുമ്പിൽ എത്തിക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഡോ. എസ്. അർച്ചന, എസ്. രോഷ്നി, പദ്ധതി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.