രണ്ട് മുതല്‍ 26 വയസ്സ് വരെ കോവിഡ് ബാധിതര്‍ കൂടുന്നു

ജില്ലയില്‍ കോവിഡ് വ്യാപന തോത് കൂടുതല്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍. ആഗസ്റ്റ് ഒന്ന് മുതല്‍ 21 വരെയുള്ള ദിവസങ്ങളിലെ കോവിഡ് രോഗബാധിതരില്‍ വിവിധ വിഭാഗങ്ങളിലെ 5055 പേരുടെ സാംപിളുകള്‍ തിരഞ്ഞെടുത്ത് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നടത്തിയ സമഗ്ര വിശകലനത്തിലാണ് ഈ കണ്ടെത്തല്‍. തൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവര്‍ക്കിടയിലും രോഗവ്യാപനം കൂടുതലാണ്. വിവിധ പ്രായങ്ങളിലുള്ളവരില്‍ തൊഴില്‍ മേഖലകള്‍ തിരിച്ച്, രോഗബാധ വിശകലനം ചെയ്തു.
തിരഞ്ഞെടുക്കപ്പെട്ട സാമ്പിളുകളില്‍ 27.4 ശതമാനം കുട്ടികളും കൗമാരക്കാരും യുവാക്കളും ഉള്‍പ്പെട്ട വിഭാഗമാണ്. രണ്ട് മുതല്‍ 27 വയസുവരെയുള്ള 1383 പേരാണ് കോവിഡ് പോസീറ്റിവായത്. തൊഴിലാളികളില്‍പ്പെട്ട 1029 (20.4%) പേര്‍ക്കും കോവിഡ് പിടിപെട്ടു.
ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായത് 18-21 പ്രായ വിഭാഗത്തിലാണ്-388 പേര്‍ (28%). രണ്ടിനും പത്ത് വയസിനുമിടയിലെ 265പേരും(19%) 11നും 14നുമിടയിലെ 303പേരിലും(22%) വൈറസ് ബാധയുണ്ടായി. 15-17 വയസ്സിനിടയിലെ കൗമാരക്കാരില്‍ 306 പേര്‍ക്കും 22-26 വയസ്സിനിടയിലെ 108 പേര്‍ക്കും കോവിഡ് ബാധിച്ചു. 27 വയസ്സിന് മുകളില്‍ ഒരു ശതമാനത്തിന് മാത്രമാണ് (13 പേര്‍) കോവിഡ് ബാധിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും രോഗപ്പകര്‍ച്ചക്ക് കാരണമാകുന്നതായാണ് വിശകലനം. പൊതു ഇടങ്ങളില്‍ നിന്നും കുട്ടികള്‍ രോഗവാഹകരാകുന്നത് വഴി വീടുകളില്‍ കഴിയുന്ന പ്രായം ചെന്നവരിലുള്‍പ്പെടെ രോഗബാധയുണ്ടാകാന്‍ സാധ്യതയേറുന്നു.
അധ്യയനം മുഴുവന്‍ ഓണ്‍ലൈനിലാക്കിയിട്ടും കുട്ടികള്‍ക്കിടയില്‍ കോവിഡ് പടരുന്നത് ഗൗരവത്തോടെ കാണണമെന്നും ട്യൂഷന്‍ ഉള്‍പ്പെടെയുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ഓഫ്‌ലൈനായി നടത്താന്‍ പാടില്ലെന്നും കോവിഡ് മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍, പ്രതിരോധ കുത്തിവെപ്പ് നടത്താത്ത കുട്ടികള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. പഠനകേന്ദ്രങ്ങളില്‍ കുട്ടികള്‍ കൂടിയിരിക്കുന്നത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രോഗം പകരാന്‍ കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കി.