കാസർഗോഡ്: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്ക് പരീക്ഷ, പി.എസ്.സി പരിശീലനം, സിവില്‍സര്‍വ്വീസ് പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരിശിലനത്തിന്, ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കോ, മുന്‍ വര്‍ഷത്തില്‍ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കോ ആണ് അപേക്ഷിക്കാന്‍ അര്‍ഹത.

ബാങ്ക് പരീക്ഷാ പരിശീലനത്തിന് ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കും, പി.എസ്.സി പരിശീലനത്തിന് ബിരുദതലത്തില്‍ 50 ശതമാനം മാര്‍ക്കും, സിവില്‍സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിന് ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. അര്‍ഹരായ രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 10 വരെ മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ സമര്‍പ്പിക്കാം.