കല്‍പ്പറ്റ: കായികതാരങ്ങളെ സംരക്ഷിക്കുകയെന്നത് സര്‍ക്കാര്‍ നയമാണെന്നും അതിന്റെ ഭാഗമായി മേഖലയില്‍ മികവ് തെളിയിച്ച 250 പേര്‍ക്ക് രണ്ടു മാസത്തിനകം സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുമെന്നും വ്യവസായ, കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം മുണ്ടേരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസിന്റെ ഭാഗമായ 72 പേര്‍ക്ക് ഇതിനകം ജോലി നല്‍കി. 65 കായികതാരങ്ങളെ പൊലിസ് വകുപ്പില്‍ നിയമിച്ചു. കെഎസ്ഇബിയില്‍ 12 പേര്‍ക്കും തൊഴില്‍ നല്‍കിയിട്ടുണ്ട്. ചെറുപ്രായത്തിലുള്ള കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കാന്‍ കിക്കോഫ് എന്ന പേരില്‍ 15 കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നാടന്‍കളികളുടെ പ്രചാരണത്തിനായി കളിത്തട്ട് എന്ന പേരില്‍ പദ്ധതിയൊരുക്കും. ടെന്നീസ് കളി പ്രോല്‍സാഹിപ്പാക്കാനും കുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കാനും പദ്ധതി തയ്യാറാക്കും. നീന്തല്‍ പഠിക്കാന്‍ സ്പ്ലാഷ് എന്ന പേരില്‍ പദ്ധതിയൊരുക്കും. ആരോഗ്യപരിപാലനത്തിനു വേണ്ടി സംസ്ഥാനത്ത് ഏഴു സ്ഥലങ്ങളില്‍ കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് പാര്‍ക്ക് സ്ഥാപിക്കും. ഇതരമേഖലകളിലേതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് കായികമേഖലയിലെ വികസനവും. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് മികച്ച കായികതാരങ്ങള്‍ വരുന്നുണ്ട്. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കും. അതിനുവേണ്ടി ഓപറേഷന്‍ ഒളിംപിയ പദ്ധതി തയ്യാറാക്കി. പുതിയ സ്‌പോര്‍ട്‌സ് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ കായികതാരങ്ങളെയും വിളിച്ചുചേര്‍ത്ത് ഇതിന്റെ കരട് രേഖ തയ്യാറാക്കി. ഈ നിയമം വരുന്നതോടെ സ്ഥാപിത താല്‍പര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. ഗ്രേസ് മാര്‍ക്കിന് വേണ്ടിയാണ് സ്‌കൂളില്‍ കുട്ടികളെ സ്‌പോര്‍ട്‌സിന് അയക്കുന്നത് എന്ന ചിന്താഗതിയില്‍ നിന്നു മാതാപിതാക്കള്‍ മാറണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആരോഗ്യമുള്ള തലമുറയെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് നയം. കിഫ്ബി വഴി 800 കോടി രൂപ നാലുവര്‍ഷക്കാലം കൊണ്ട് കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറയുടെ കായികമികവ് പരിപോഷിപ്പിക്കുന്നതു ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് കിഫ്ബി വഴി 18.67 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. 29 വര്‍ഷം മുമ്പ് എം.ജെ വിജയപത്മനാണ് സ്റ്റേഡിയത്തിന് സ്ഥലം വാങ്ങിനല്‍കിയത്. സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോള്‍ മൈതാനം, ആറു ലൈനുകളുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, 26900 ചതുരശ്ര അടി വിഐപി ലോഞ്ച്, കളിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള ഓഫീസ് മുറികള്‍ എന്നിവയോടുകൂടിയ മൂന്നു നിലകളുള്ള പവലിയന്‍ കെട്ടിടം, 9500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളുള്ള അമിനിറ്റീസ് കേന്ദ്രം എന്നിവ യാഥാര്‍ത്ഥ്യമാവും.
ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. എം.ഐ ഷാനവാസ് എംപി മുഖ്യപ്രഭാഷണം നടത്തി. കായിക-യുവജന കാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, വൈസ് ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കായികതാരങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.