ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നാട്ടിക മണ്ഡലത്തിലെ പെരിങ്ങോട്ടുകര പോലീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു. ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പോലീസ് സ്റ്റേഷനായ അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിലവില്‍ ഈ പ്രദേശം. പ്രദേശത്തെ സാമൂഹ്യ പശ്ചാത്തലം പരിഗണിച്ചുകൊണ്ടാണ് പെരിങ്ങോട്ടുകരയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കാന്‍ തീരുമാനമായത്.എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നത്.
പെരിങ്ങോട്ടുകരയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന പോലീസ് സ്റ്റേഷന്‍ 40 വര്‍ഷം മുന്‍പ് അടച്ചിരുന്നു. പ്രദേശത്ത് വര്‍ദ്ധിച്ചുവരുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജനങ്ങളുടെ ആവശ്യ പ്രകാരം അന്തിക്കാട് പോലിസ് സ്റ്റേഷനു കീഴില്‍ 2015ല്‍ പോലീസ് എയ്ഡ്പോസ്റ്റ് പുനഃസ്ഥാപിച്ചു.സര്‍ക്കാരിന്‍റെ 75.5 സെന്‍റ് ഭൂമിയില്‍ 7.85 ലക്ഷം രൂപ ചെലവില്‍ ജനപങ്കാളിത്തത്തോടയാണ് ഔട്ട്പോസ്റ്റ് കെട്ടിടം നിര്‍മ്മിച്ചത്. പുതിയ ഔട്ട്പോസ്റ്റ് നിലനിര്‍ത്തിക്കൊണ്ട് ഇതേ കോമ്പൗണ്ടിലാണ് പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുക. 2325 സ്ക്വയര്‍ഫീറ്റിലായി പോര്‍ച്ച്, റിസപ്ഷന്‍, 2 ലോക്കപ്പ്, റൈറ്റേഴ്സ് റൂം, ഓഫീസ് റൂം, വനിത ഹെല്‍പ് ഡസ്ക്, തൊണ്ടിമുറി, 6 ശുചിമുറി എന്നിവയുള്‍പ്പെടുന്നതാണ് പുതിയ കെട്ടിടം . രണ്ട് എസ്ഐ, ഒരു എഎസ് ഐ, ഏഴ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 24 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, നാല് വനിത സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ഒരു പാര്‍ട് ടൈം സ്വീപ്പര്‍, ഡ്രൈവര്‍ ഉള്‍പ്പടെ 40 ജീവനക്കാരെ പുതിയ സ്റ്റേഷനില്‍ നിയമിക്കും. ഒരു ജീപ്പും 5 ഇരുചക്ര വാഹനങ്ങളുമാണ് സ്റ്റേഷനിലേക്ക് അനുവദിച്ചിരിക്കുന്നത്.
ജില്ലയിലെ കൂടുതല്‍ ഏരിയ സംരക്ഷണ ചുമതലയുള്ള പോലീസ് സ്റ്റേഷനിലൊന്നാണ് അന്തിക്കാട് പോലീസ് സ്റ്റേഷന്‍. 19 വില്ലേജുകളാണ് സ്റ്റേഷന്‍ പരിധിയിലുള്ളത്. അന്തിക്കാട് പോലീസ് സ്റ്റേഷന്‍ വിഭജിക്കുന്നതോടെ സ്റ്റേഷന്‍റെ പ്രവര്‍ത്തനം സുഗമമാകും.അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ചാഴൂര്‍, ആലപ്പാട്, പൂള്ള്, കിഴക്കുമുറി, വടക്കുമുറി, താന്ന്യം , കിഴുപ്പുള്ളിക്കര എന്നീ വില്ലേജുകളും ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ ഇഞ്ചമുടി, കുറുമ്പിലാവ് എന്നീ വില്ലേജുകളുമാണ് പുതിയ സ്റ്റേഷന്‍ പരിധിയിലുണ്ടാകുക.
സ്റ്റേഷന്‍ ശിലാസ്ഥാപനം ജൂലൈ 14ന് വ്യവസായ സ്പോര്‍ട്സ് യുവജനകാര്യ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും. 2019 ല്‍ പുതിയ സ്റ്റേഷന്‍ നാടിന് സമര്‍പ്പിക്കാനാകുമെന്ന് ഗീത ഗോപി എം.എല്‍.എ അറിയിച്ചു.