ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് മുതലമട മുണ്ടിപതി, ചപ്പക്കാട് അങ്കണവാടി കോളനികൾ സന്ദർശിച്ചു.
മുതലമട പ്രദേശത്ത് പോക്സോ കേസുകളോ, ലഹരി ഉപയോഗ പ്രശ്നങ്ങളോ ഇല്ലെന്ന് അധികൃതർ ബാലാവകാശ കമ്മിഷനെ അറിയിച്ചു. പറമ്പിക്കുളം മേഖലയുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും പ്രദേശത്തെ ഗതാഗതം സുഗമമാക്കാൻ കമ്മീഷൻ സാധ്യമായ ഇടപെടലുകൾ നടത്തുമെന്നും ചെയർമാൻ അറിയിച്ചു.
കുട്ടികൾക്കായി വിവിധ ബോധവത്ക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ചെയർമാൻ അറിയിച്ചു.പറമ്പിക്കുളം സുങ്കം കോളനിയിൽ കളിക്കളം ഒരുക്കാൻ ഇടപെടൽ നടത്തും. പറമ്പിക്കുളം മേഖലയിലെ ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് മുതലമട പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഓൺലൈൻ പഠനത്തിനുള്ള ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കാൻ കമ്മിഷൻ ഇടപെടലുകൾ നടത്തും. കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, പോക്സോ കേസുകൾ എന്നിവ കണ്ടെത്തുന്നതിനും
കുട്ടികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം ഉണ്ടാക്കുകയുമാണ് കമ്മിഷന്റെ ലക്ഷ്യമെന്നും ചെയർമാൻ പറഞ്ഞു.
ജില്ലയുടെ ചുമതലയുള്ള ബാലാവകാശ
കമ്മീഷൻ അംഗം സി. വിജയകുമാർ, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എസ്.ശുഭ , സി.ഡബ്ലിയു.സി ചെയർമാൻ മറിയ ജെറാൾഡ്, പോലീസ്,വനം, പട്ടികജാതി-പട്ടികവർഗ്ഗ വികസന, വിദ്യാഭ്യാസം, ഐ.സി.ഡി. എസ്, സി.ഡബ്ലിയു.സി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.