സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി രൂപികരണത്തിന് അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം മൃഗ ജന്യ രോഗങ്ങള്‍ സംസ്ഥാനത്തേക്ക് കടക്കാതെ ജാഗ്രതയോടെ ജില്ലയിലെ ചെക്ക്‌പോസ്റ്റുകള്‍. കുമളി, കമ്പംമേട്ട്, ബോഡിമെട്ട് എന്നിവിടങ്ങളിലാണ് നിലവില്‍ ചെക്ക്‌പോസ്റ്റുകളുളളത്. സംസ്ഥാനത്ത് ആകെയുളള 19 ചെക്ക്‌പോസ്റ്റുകളില്‍ രണ്ടാം സ്ഥാനമാണ് കുമളി ചെക്ക്‌പോസ്റ്റിനുളളത്. വര്‍ഷങ്ങളായി ചെളിമടയിലുളള അസൗകര്യങ്ങള്‍ നിറഞ്ഞ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം 2019 മുതല്‍ കൊമോഴ്‌സിയല്‍ ടാക്‌സ് ബില്‍ഡിംഗിലെ മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പോകുന്ന പക്ഷിമൃഗാദികളുടെയും മൃഗസംരക്ഷണ ഉല്‍പ്പന്നങ്ങളുടെയും കൃത്യമായ വിവരശേഖരണമാണ് ഇവിടെ നടക്കുന്നത്. ഇരുപത്തിനാല് മണിക്കുറും പ്രവര്‍ത്തിക്കുന്ന ജീവനക്കാരുളള ഈ സ്ഥാപനത്തില്‍ ഒരു ഫീല്‍ഡ് ഓഫിസര്‍, മൂന്ന് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് അറ്റന്‍ഡന്റുമാര്‍ ഒരു സ്വീപ്പര്‍ എന്നിവരാണുളളത്. കുമളി മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനാണ് മേല്‍നോട്ടചുമതല.
അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പക്ഷിമൃഗാദികളെ പരിശോധിച്ച് എണ്ണം തിട്ടപ്പെടുത്തി ആരോഗ്യമുളളവയെ മാത്രമേ കടത്തിവിടൂ. രോഗനിയന്ത്രണം ഉറപ്പാക്കുന്നതിന് പ്രതിരോധകുത്തിവയ്പ്പുകള്‍ എടുത്തിട്ടുണ്ട് എന്നും, ഏതൊക്കെ രോഗങ്ങളെയാണ് പ്രതിരോധിച്ചിട്ടുളളത്ത് എന്നും ഏത് ഇനത്തില്‍പ്പെട്ട എത്ര എണ്ണം പക്ഷി മൃഗാദികളാണ് വരുന്നതെന്നും ഉളള വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. സാക്ഷ്യപത്രം ഇല്ലാത്തവയെ മടക്കി അയക്കും. രോഗാവസ്ഥയിലാണെന്ന് സംശയമുളളവയെ വിദഗ്ദ പരിശോധനയ്ക്കായി ശുപാര്‍ശ ചെയ്യും. പശു, എരുമ, പോത്ത്, കാള, പന്നി, ആട്, കോഴി, താറാവ് എന്നിവയ്ക്ക് പുറമെ കോഴിമുട്ട, താറാവ്മുട്ട, വയ്‌ക്കോല്‍, തീറ്റപ്പുല്ല്, ഉണക്കച്ചാണകം, കാലിത്തീറ്റ, കോഴിത്തീറ്റ, തൈര്, പാല്‍പൊടി, പാല്‍, ഐസ്‌ക്രീം തുടങ്ങിയ ഉല്‍പ്പന്നങ്ങളും ചെക്ക്പോസ്റ്റ് വഴി കടന്നു വരുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇതുവരെ 17157 മൃഗങ്ങള്‍, 2 കോടി കോഴിമുട്ട, 7 ലക്ഷം താറാവ് മട്ട്, നാലുലക്ഷം ഇറച്ചിക്കോഴികള്‍, ഒരുലക്ഷം താറാവുകള്‍, 900 ടണ്‍ വയ്‌ക്കോല്‍, 800 ടണ്‍ തീറ്റപ്പുല്ല്, 3000 ടണ്‍ ഉണക്കച്ചാണകം, 1500 ടണ്‍ കാലിത്തീറ്റ, 135 ടണ്‍ കോഴിത്തീറ്റ ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ തൈര്, 10 ടണ്‍ പാല്‍പൊടി, ഒന്നേകാല്‍ കോടി ലിറ്ററോളം പാല്‍ എന്നിവ കുമളി ചെക്ക്‌പോസ്റ്റിലൂടെ മാത്രം കടന്നുപോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. നാമമാത്രമായ ഫീസ് ഈടാക്കിയാണ് മൃഗങ്ങളെ കടത്തിവിടുക. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് മൃഗങ്ങളോടുളള ക്രൂരത തടയുന്നതിന്റെ ഭാഗമായുളള പ്രവര്‍ത്തനങ്ങളും, അംഗികൃത സ്റ്റോക്ക് റൂട്ടുകളില്‍കൂടെയല്ലാതെ അനധികൃതമായി പക്ഷിമൃഗാദികളെയും മറ്റു ഉല്‍പ്പന്നങ്ങളെയും കൊണ്ടുവരുന്നത് തടയുന്നതും ചെക്ക്‌പോസ്റ്റിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.