ചാലക്കുടി നഗരവാസികളുടെ നീണ്ടകാലത്തെ സ്വപ്നമായ നഗരസഭാപാര്‍ക്ക് യാഥാര്‍ഥ്യത്തിലേയ്ക്ക്
പാര്‍ക്കിന്‍റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ടൂറിസം വകുപ്പും നഗരസഭയും ചേര്‍ന്നാണ് അത്യാധുനിക നിലവാരത്തിലുള്ള ഒരുപാര്‍ക്ക് ഒരുക്കുന്നത്. നാലുകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാര്‍ക്കിന് 3 കോടിരൂപ ടൂറിസം ഡിപ്പാര്‍ട്ടുമെന്‍റും 1 കോടിരൂപ നഗരസഭയുമാണ് വകയിരുത്തിയത്. വ്യവസായവകുപ്പ് നഗരസഭയ്ക്കു കൈമാറിയ ചാലക്കുടി റിഫാക്ടറീസിന്‍റെ 4 ഏക്കറിലാണ് പാര്‍ക്ക് നിര്‍മാണം. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കണം എന്ന കരാറില്‍ 5 മാസം മുന്‍പാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റേഴ്സ് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ് നിര്‍മ്മാണചുമതല. ആദ്യഘട്ടനിര്‍മ്മാണം നവംബര്‍ മാസത്തോടെ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. കോമ്പൗണ്ട് വാള്‍, റിക്ടാര്‍ വാള്‍, പാര്‍ക്കിങ്ങ് ഏരിയ,സ്റ്റേജ്, എക്യുപ്മെന്‍റ്സ്, ഓഫീസ് എന്നി സൗകര്യങ്ങള്‍ നാലുകോടിയുടെ പദ്ധതിയില്‍ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്നു. നവംബറോടെ കോമ്പൗണ്ട് വാള്‍, നടപ്പാത ബെഞ്ചുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കും. ബാക്കി നിര്‍മ്മാണം ഉപകരണങ്ങളുടെ സ്ഥാപനം എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് എത്രയും പെട്ടന്ന് പാര്‍ക്ക് സജ്ജമാക്കും.
