കഴിഞ്ഞ വര്‍ഷത്തെ ആരോഗ്യകേരളം പുരസ്ക്കാരത്തിന് അര്‍ഹമായ ചാലക്കുടി നഗരസഭ ആരോഗ്യമേഖലയില്‍ പുതിയ പാഠങ്ങള്‍ രചിക്കുകയാണ്. പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ സമഗ്ര ആരോഗ്യപദ്ധതി മികച്ചരീതിയില്‍ നടപ്പിലാക്കിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ കഴിഞ്ഞ തവണ അവാര്‍ഡിനായി പരിഗണിച്ചത്. ചാലക്കുടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചു നടത്തിയ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ മാലിന്യംസംസ്ക്കരണ പരിപാടികള്‍ എന്നിവ കണക്കിലെടുത്താണ് അവാര്‍ഡിന് ചാലക്കുടി അര്‍ഹതനേടിയത്. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചുരുങ്ങിയ കാലംകൊണ്ട് നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. 60 ലക്ഷംരൂപ ചെലവില്‍ കുട്ടികളുടെ വാര്‍ഡ്, 8 ലക്ഷം രൂപചെലവില്‍ ഫ്രീ ഡയാലിസിസ് യൂണിറ്റ്, മാമ്മോഗ്രാം യൂണിറ്റ് , ട്രോമകെയര്‍ യൂണിറ്റ് എന്നിവ സ്ഥാപിച്ചു. ഇതോടൊപ്പം ചാലക്കുടി മാര്‍ക്കറ്റിലെ രൂക്ഷമായ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി അത്യാധുനിക രീതിയിലുള്ള സ്ലോട്ടര്‍ ഹൗസ് നിര്‍മ്മിച്ചു. മാലിന്യസംസ്ക്കരണത്തിനായി 3 ബയോഗ്യാസ് പ്ലാന്‍റുകളും നിര്‍മ്മിച്ചു. നഗരസഭയിലെ പ്രധാന പ്രദേശമായ പോട്ടയില്‍ 5 ടണ്‍ മാലിന്യം സംസ്ക്കരിക്കാവുന്ന മാലിന്യ സംസ്ക്കരണപ്ലാന്‍റ് പ്രവര്‍ത്തനമാരംഭിച്ചു. ഇതിനായി പ്രത്യേക സൊസൈറ്റി രൂപീകരിച്ചു. പ്രത്യേകം നിയമിച്ച 15 തൊഴിലളികളാണ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
