സ്കൂള്‍ റേഡിയോ ഇനി ചാലക്കുടി എം.ആര്‍.എസ് സ്കൂളിലും. പട്ടികവര്‍ഗ്ഗ വികസന വകുപ്പിനുകീഴിലുള്ള ചാലക്കുടി നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. 24 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂള്‍ റേഡിയോ, പബ്ലിക് അഡ്രസ്സിസ്റ്റം എന്നിവ സ്ഥാപിച്ചത്. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനൊപ്പം, സര്‍ഗാത്മക കഴിവുകള്‍ ഉണര്‍ത്തുന്നതിനും പഠന- പാഠ്യേതര മേഖലകളിലെ പുത്തന്‍ അറിവുകള്‍ പകര്‍ന്നു നല്‍കുകയും ലക്ഷ്യമിട്ടാണ് റേഡിയോ സ്റ്റേഷന്‍ എന്ന ആശയം നടപ്പിലാക്കുന്നത്. ഇന്‍റര്‍വെല്‍ സമയങ്ങളിലും സ്കൂള്‍ സമയംകഴിഞ്ഞ് 3.30 മുതല്‍ 3.45 വരെയുമാണ് റേഡിയോ പ്രവര്‍ത്തിക്കുക. തിങ്കള്‍ മലയാളം, ചൊവ്വ ഇംഗ്ലീഷ്, ബുധന്‍ ശാസ്ത്രം, വ്യാഴം ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ്, വെള്ളി ഹിന്ദി എന്നിങ്ങനെയാണ് പരിപടികള്‍ ഉണ്ടാവുക. പ്രധാന അധ്യാപകന്‍റെ റൂമില്‍നിന്നും പ്രത്യേക അറിയിപ്പുകള്‍ റേഡിയോ വഴി നല്‍കാന്‍ കഴിയും. സംസ്ഥാനത്തെ എല്ലാ മോഡല്‍ റസിഡന്‍ഷ്യല് സ്കൂളുകളിലും പദ്ധതി നടപ്പാലാക്കും. റേഡിയോ സ്റ്റേഷന്‍ നിലവില്‍ വരുന്ന പത്താമത്തെ സ്കൂള്‍ ആണ് നായരങ്ങാടി എം.ആര്‍.എസ്. വന്‍കിട എഫ്എം സ്റ്റേഷനുകളിലേതുപോലെ അത്യാധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഒരു ക്ലാസ്മുറി മുഴുവന്‍ ഇതിനായി വിനിയോഗിച്ചിരിക്കയാണ്. കെല്‍ട്രോണ്‍ ആണ് റേഡിയോ സ്റ്റേഷന്‍ തയ്യാറാക്കിയിട്ടുള്ളത്. എം.ആര്‍.എസ് വേവ്സ് എന്നു പേരിട്ടിട്ടുള്ള റേഡിയോ സ്റ്റേഷന്‍റെ ഉദ്ഘാടനം ബി.ഡി ദേവസ്സി എം. എല്‍എ നിര്‍വ്വഹിച്ചു. കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷ ശശിധരന്‍ അധ്യക്ഷതവഹിച്ചു.