മില്‍മയുടെ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ‘ഫുഡ് ട്രക്ക്’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. മലബാര്‍ മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില് ന്യായമായ വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഫുഡ് ട്രക്കിന്റെ പര്യടനം ഞായാറാഴ്ച (12 സെപ്തംബര്‍ 2021) ആരംഭിക്കും. മലബാര്‍ മില്‍മ മേഖല യൂണിയനും കെഎസ്ആര്‍ടിസിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന ആദ്യ ഫുഡ് ട്രക്ക് പര്യടനം ഉച്ചക്ക് 2.30 ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്യും.
കെ.എസ്.ആര്.ടി.സിയുടെ പഴയ ബസ്സുകള്‍ മില്‍മ ഏറ്റെടുത്ത് നവീകരിച്ച് ഡിപ്പോകളില്‍ വ്യാവസായിക പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും വിതരണം ചെയ്യുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് ലക്ഷത്തിന് വാങ്ങിയ കെ.എസ്.ആര്.ടി.സിയുടെ പഴയ ബസ് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചാണ് ഫുഡ് ട്രക്ക് ആക്കി മാറ്റിയിരിക്കുന്നത്. ഫുഡ് ട്രക്കില്‍ ഒരേ സമയം എട്ട് പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാം. ഫുഡ് ട്രക്കിന് കെ.എസ്.ആര്.ടി.സിക്ക് മില്‍മ പ്രതിമാസ വാടകയും നല്‍കും.
പെരിന്തല്‍മണ്ണയില്‍ നടക്കുന്ന ചടങ്ങില്‍ നജീബ് കാന്തപുരം എം.എല്‍.എ മുഖ്യാതിഥിയാകും. മില്‍മ ചെയര്മാന് കെ.എസ്.മണി അധ്യക്ഷത വഹിക്കും. പെരിന്തല്‍മണ്ണ നഗരസഭ ചെയര്മാന് പി. ഷാജി ആദ്യ വില്‍പ്പന നടത്തും. മില്‍മ മലബാര്‍ യൂണിയന് ഡയറക്ടര്‍ ടി.പി. ഉസ്മാന്, മലബാര്‍ യൂണിയന് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി, മില്‍മ മലപ്പുറം ഡയറി മാനേജര്‍ മാത്യു വര്‍ഗ്ഗീസ്, പെരിന്തല്‍മണ്ണ നഗരസഭ കൗണ്‍സിലര്‍ ഹുസൈന നാസര്‍, പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.പി. രാധാകൃഷ്ണന്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.