മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം മഞ്ഞളാംകുഴി അലി എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഓണ്‍ലൈനായി പങ്കെടുത്തു. ചടങ്ങില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. 40 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസ്. മഞ്ഞളാംകുഴി അലി എം.എല്‍.എയുടെയും മുന്‍ എം.എല്‍.എ അഹമ്മദ് കബീറിന്റെയും ആസ്തി വികസന ഫണ്ട് നിന്നും 60 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ജില്ലാ രജസ്ട്രാര്‍ ഓഡിറ്റ് കെ. പ്രീതി, മങ്കട, പുലാമന്തോള്‍, വളാഞ്ചേരി, പുഴക്കാട്ടിരി, മൂര്‍ക്കനാട് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ആധാരം എഴുത്ത് മേഖലയിലെ സംഘടന നേതാക്കള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, രജിസ്ട്രേഷന്, പി.ഡബ്ല്യു.ഡി., പഞ്ചായത്ത് വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
