ഇടുക്കി: തലമുറകളായി കൈവശമിരിക്കുന്ന ഭൂമിക്ക് പട്ടയം നേടാനായതിന്റെ ആഹ്ളാദത്തിലാണ് തൊടുപുഴ ഉപ്പുകുന്ന് പുതിയവീട്ടില്‍ പി.കെ.ദിലീപ് കുമാര്‍. ഉപ്പുകുന്ന് മലയുടെ ഉയരത്തിലായാണ് ദിലീപ് കുമാറിന്റെ മൂന്നരയേക്കര്‍ ഭൂമി. എണ്‍പതിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുത്തച്ഛന്റെ കാലം മുതല്‍ക്ക് തന്നെ ഈ ഭൂമി ദിലീപിന്റെ കുടുംബക്കാരുടേതാണ്. ആദ്യകാലത്ത് ഉപ്പുകുന്ന് പോലെയുള്ള മലയുടെ മുകളിലെ ഭൂമിയില്‍ എത്തിപ്പെടുക എന്നത് തന്നെ ശ്രമകരമായിരുന്നു.
അക്കാലത്ത് കിലോമീറ്ററുകള്‍ നടന്നാണ് ഈ ഭൂമിയില്‍ വന്ന് കൃഷി ചെയ്തിരുന്നത്. വിസ്തൃതി ഏറെയുണ്ടെങ്കിലും നാട്ടിന്‍ പുറത്തെ ഭൂമിയുമായി തട്ടിച്ച് നോക്കുമ്പോള്‍ മല മുകളിലെ പട്ടയമില്ലാത്ത ഈ ഭൂമിക്ക് മൂല്യം തീര്‍ത്തും കുറവായിരുന്നു. വീട് വക്കുന്നതിനും കൃഷി ആവശ്യത്തിനും ഭൂമി ഈട് വക്കാനുമാവില്ല. ഇക്കാര്യം പറഞ്ഞ് ധനകാര്യ സ്ഥാപനങ്ങളില്‍ ചെല്ലുമ്പോള്‍ പരിഹാസം ലഭിച്ച അനുഭവവും ഉണ്ടായിട്ടുണ്ട്.
അതിനാല്‍ തന്നെ ഇതേ ഭൂമിയില്‍ ക@ിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ പണം കൊണ്ടാണ് ഇവിടൊരു വീട് പോലും നിര്‍മ്മിച്ചത്. ആദ്യ കാലത്തെ കൃഷിയില്‍ ചിലതൊക്കെ വന്യ മൃഗങ്ങള്‍ നശിപ്പിച്ചിരുന്നു. സംരക്ഷണ വേലിയും മറ്റും കെട്ടിയാണ് ഇതിന് പരിഹാരമുണ്ടാക്കിയത്. ഇക്കാലയളവിലൊക്കെ ഭമിക്ക് പട്ടയം നേടുന്നതിനായി വിവിധ ഓഫീസുകളില്‍ അപേക്ഷ നല്‍കിയിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം.
തെങ്ങുള്‍പ്പെടെയുള്ള ദീര്‍ഘകാല വിള പോലും ഇവിടെ റീ പ്ലാന്റ് ചെയ്തു. എന്നിട്ടും ഇവിടെ പട്ടയം മാത്രം കിട്ടാക്കനിയായി. ഏലം, കാപ്പി, കൊക്കോ, കുരുമുളക്, ജാതി, വാഴ, തെങ്ങ് തുടങ്ങി വിവിധയിനം കൃഷികളാവിടെയുള്ളത്. റബ്ബര്‍ കൃഷിയും ഇവിടെ ചെയ്തിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്നതും തണുപ്പുള്ളതുമായ പ്രദേശമായതിനാല്‍ നാട്ടിന്‍ പുറത്തുള്ളത് പോലെ റബ്ബറില്‍ നിന്നും ഉല്‍പ്പാദനമില്ല.
ഇതിന് പുറമേ മിക്ക ദിവസങ്ങളിലും മഴ ലഭിക്കുന്നതിനാല്‍ ടാപ്പിംഗും മൂന്നിലൊന്നായി കുറയും. എങ്കിലും കൃഷി തുടരുന്നതിന് തന്നെയാണ് തീരുമാനം. മറ്റ് പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്ഥമായ അന്തരീക്ഷമാണിവിടെ. ശുദ്ധ വായുവും വെള്ളവും ഇഷ്ടം പോലെ.
മറ്റ് യാതൊരു ശല്യവും തിരക്കുമില്ലാതെ എത്ര ദിവസം വേണമെങ്കിലും ഇവിടെ താമസിച്ച് കൃഷി ചെയ്യാമെന്ന നേട്ടവുമുണ്ട്. ഇപ്പോള്‍ സ്വന്തം ഭൂമിയില്‍ വരെ വാഹനം എത്തുന്ന സ്ഥിതിയുമുണ്ട്. ഇതോടൊപ്പം പട്ടയം കൂടി ലഭിച്ചതോടെ ഭൂമിയുടെ മൂല്യം കുത്തനെ ഉയര്‍ന്നുവെന്നാണ് ദിലീപിന്റെ വിലയിരുത്തല്‍. മൂന്ന് വര്‍ഷം മുമ്പ് കരിമണ്ണൂര്‍ ഭൂമി പതിവ് ഓഫീസില്‍ പട്ടയത്തിനായി അപേക്ഷ നല്‍കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതോടെ പട്ടയ നടപടികള്‍ വേഗത്തിലായി. പൂര്‍വ്വികര്‍ മുതലുള്ള തങ്ങളുടെ ആഗ്രഹം യാതാര്‍ത്ഥ്യമായപ്പോള്‍ സ്വര്‍ഗം കിട്ടിയ സന്തോഷമുണ്ടെന്നും ഇതിന് സംസ്ഥാന സര്‍ക്കാരിനോട് അകമഴിഞ്ഞ നന്ദിയുണ്ടെന്നും ദിലീപ് കുമാര്‍ പറഞ്ഞു.