ഡെങ്കിപനിബാധ ആവര്‍ത്തിക്കുന്നത് അതീവ അപകടരമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പകര്‍ച്ചാ സാധ്യത കൂടുതലാണ്. ഡെങ്കിപനിയുടെ വൈറസ് ഒന്നാം വകഭേദം ബാധിച്ചവര്‍ക്ക് രണ്ടാം വകഭേദമായ ഡെന്‍വ് പിടിപെട്ടാല്‍ മരണ സാധ്യത 200 ശതമാനമാണ്. അതു കൊണ്ട് അടിയന്തര ചികിത്സ തേടണം.
റബ്ബര്‍ തോട്ടങ്ങള്‍ മുഖ്യവാപന കേന്ദ്രമായി മാറിയിട്ടുണ്ട്. ടാര്‍പോളിന്‍, പ്ലാസ്റ്റിക് മാലിന്യം, വീടുകളുടെ ഉള്ളില്‍ വളര്‍ത്തുന്ന മണിപ്ലാന്റ് പോലെയുള്ള ചെടികള്‍, എന്നിവടങ്ങളില്‍ തങ്ങുന്ന വെള്ളം ഉറവിടമായി മാറുന്നത് തടയണം. കൊതുകിന്റെ ജീവചക്രം പൂര്‍ത്തിയാകുന്നത് തടയാന്‍ ബ്രേക്ക് ദ സൈക്കിള്‍ ക്യാമ്പയിന്‍ തുടങ്ങി.
ഫോഗിംഗ് നടത്തി വരുന്നു. കൂത്താടി നശീകരണ പൊടിയും ലഭ്യമാക്കി. കൊതുക് തീനി മത്സ്യവിതരണവും തുടങ്ങി. കൊതുകിനെ തടയുന്ന മരുന്ന് പുരട്ടിയ വലകളും നല്‍കുന്നുണ്ട്.
വീടും പരിസരവും മാലിന്യ മുക്തമാക്കുകയാണ് പ്രധാനം. വെള്ളം കെട്ടി നിര്‍ത്താനും പാടില്ല. ഉറവിട നശീകരണം ഉറപ്പാക്കണം. പൊതു സ്ഥലങ്ങള്‍, ഓഫീസുകള്‍ എന്നിവടങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ ശുചിയാക്കി ഉറവിടനശീകരണം നടത്തണം എന്നും ഡി. എം. ഒ ഓര്‍മിപ്പിച്ചു.
തലവേദന, പനി, മാംസപേശികളില്‍ വേദന, നടുവ് വേദന, കണ്ണിന് പിറകില്‍ വേദന, കഫമില്ലാത്ത ചുമ, ഗുരുതരമാകുന്ന ഘട്ടത്തില്‍ മോണകളില്‍ നിന്ന് രക്തസ്രാവം, ആര്‍ത്തവകാലത്ത് അമിചത രക്തസ്രാവം, ശരീരത്ത് രക്തം ചതഞ്ഞ പോലുള്ള അടയാളം, മൂക്കില്‍ നിന്നും പല്ലില്‍ നിന്നും രക്തമൊഴുക്ക്, മലത്തിനൊപ്പം രക്തം, കടുത്ത ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. ഇവ കണ്ടാല്‍ വിദഗ്ധ ചികിത്സ തേടണമെന്ന് ഡെപ്യൂട്ടി ഡി. എം. ഒ. ഡോ. ആര്‍. സന്ധ്യ നിര്‍ദ്ദേശിച്ചു.