കായല്‍ തീരങ്ങളില്‍ കണ്ടല്‍ പച്ചത്തുരുത്ത് നിര്‍മിക്കാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി കഠിനംകുളം പഞ്ചായത്തിലെ കായല്‍ തീരങ്ങളില്‍ കണ്ടല്‍ പച്ചത്തുരുത്ത് വച്ചുപിടിപ്പിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2000 കണ്ടല്‍ ചെടികളാണ് കായലിന്റെ നാലര കിലോമീറ്റര്‍ ചുറ്റളവില്‍ വച്ചുപിടിപ്പിക്കുന്നത്. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കണ്ടല്‍ പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്.
കണ്ടല്‍ ചെടികളുടെ സാന്നിധ്യം മത്സ്യങ്ങളുടെ പ്രജനനത്തിനും ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ വര്‍ധനവിനും കാരണമാകും. കായലിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കും കായല്‍ ടൂറിസത്തിനും പദ്ധതി മുതല്‍ക്കൂട്ടാകും. കരയിടിച്ചില്‍ തടയുന്നതിനും പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനും കണ്ടല്‍ ചെടികള്‍ക്ക് സാധിക്കും.
കഠിനംകുളം പഞ്ചായത്തിലെ കണ്ടല്‍ പച്ചത്തുരുത്ത് സമഗ്ര പദ്ധതിയുടെ ഉദ്ഘാടനം സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ വി ശശി എംഎല്‍എ അധ്യക്ഷനായി. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അനി, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ജില്ലാ പഞ്ചായത്തംഗം ഉനൈസ അന്‍സാരി തുടങ്ങിയവര്‍ പങ്കെടുത്തു.